
സ്വന്തം ലേഖകൻ
കൊച്ചി: ജനസ്വീകാര്യതയുള്ള പ്രമുഖരെ ഉൾപ്പെടുത്തി ആം ആദ്മിയുടെ കേരളത്തിലെ പുതിയ നേതൃനിര മാർച്ചിൽ നിലവിൽ വരും. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന് പി.സി. സിറിയക് കൺവീനറായ സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി തുടങ്ങി നിലവിലുള്ള സംസ്ഥാന ഘടകങ്ങളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടാണ് കേരള ഘടകങ്ങളുടെ പ്രവർത്തനം നിർത്തിവച്ചതെങ്കിലും സംസ്ഥാനത്ത് സംഘടന പിരിച്ചുവിട്ടെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പാർട്ടിയെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ആംആദ്മി കമ്മിറ്റികളെ പിരിച്ചു വിട്ടിട്ടില്ലെന്നും സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരവിപ്പിച്ചിരിക്കുക മാത്രമാണെന്നും സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പു ചുമതലയുള്ള വിനോദ് മാത്യു വിൽസൺ വിശദീകരിച്ചു.
പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനു മുന്നോടിയായി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭംഗവുമായ ഡോ. സന്ദീപ് കുമാർ പഥക്ക് കഴിഞ്ഞമാസം കേരളം സന്ദർശിച്ചിരുന്നു. ദേശീയ സെക്രട്ടറിയുടെ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കുന്നത് ആംആദ്മിയുടെ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും വിനോദ് മാത്യു വിൽസൺ പറഞ്ഞു.
പുതിയ നേതൃനിരയെ നിശ്ചയിക്കുന്നതിനു തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തകരുടെ മേഖലാ യോഗം ഡോ. സന്ദീപ് പഥക്കിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് അഭിപ്രായം സ്വരൂപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പുതിയ സംസ്ഥാന കമ്മിറ്റിയെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും. കേരളത്തിൽ പൊതുസ്വീകാര്യതയുള്ള പ്രമുഖർ ഉൾപ്പട്ട നേതൃനിരയാണ് നിലവിൽ വരികയെന്നാണ് സൂചന. കഴിഞ്ഞ കൊല്ലം രൂപീകരിച്ച ആം ആദ്മി- ട്വന്റി20 സഖ്യമായ ജനക്ഷേമ സഖ്യത്തിലെ പ്രമുഖരും ഇതിലുൾപ്പെടും.
അതിനിടെ, 28നു നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇതാദ്യമായി അക്കൗണ്ട് തുറക്കുമെന്ന ശുഭപ്രതീക്ഷയും പാർട്ടിക്കുണ്ട്. കൊല്ലം വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് വടക്ക്, കോട്ടയം എരുമേലി പഞ്ചായത്തിൽ ഒഴക്കനാട്, എറണാകുളം പോത്താനിക്കാട് പഞ്ചായത്തിലെ തായ്മറ്റം, തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷൻ എന്നിവിടങ്ങളിലാണു പാർട്ടി ചിഹ്നത്തിൽ ആംആദ്മി മത്സരിക്കുന്നത്. ഇവയിൽ ചില സീറ്റുകളിൽ പാർട്ടിക്കു വിജയസാധ്യതയുള്ളതായി കരുതുന്നു. ഒരു തെരഞ്ഞെടുപ്പു വിജയത്തോടെ പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വവും കാത്തിരിക്കുന്നത്.
തളിക്കുളം ഡിവിഷനിൽ ആംആദ്മി പാർട്ടി സ്ഥാനാർഥി ആമിനക്കുട്ടിയെ പരാജയപ്പെടുത്താൻ സിപിഎം വ്യാജപ്രചരണം നടത്തുന്നതായി വിനോദ് മാത്യു വിൽസൺ ആരോപിച്ചു. സിപിഎം സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന സംഘടനയുടെ പേരിൽ തളിക്കുളത്ത് വ്യാപക പോസ്റ്റർ പ്രചാരണം നടക്കുന്നുണ്ട്. മൂവ്മെന്റിന്റെ കോ-ഓർഡിനേറ്റർ കെ.എൻ. ജനാർദനന്റെ പേരിലാണു നോട്ടീസുകൾ. ആംആദ്മി ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന പേരിൽ ഒരു പാർട്ടിയില്ലെന്നും കെ.എൻ. ജനാർദനൻ വ്യാജനാണെന്നും ആം ആദ്മി വൃത്തങ്ങൾ അറിയിച്ചു. വ്യാജപ്രചരണത്തിനെതിരേ തെരഞ്ഞടുപ്പ് കമ്മിഷനെ സമീപിക്കാനാണ് തീരുമാനം.