
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീൻ നാളെയും ഇഡിക്കു മുന്നിൽ ഹാജരാകില്ല. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് നടപടി. നേരത്തെ ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. എന്നാൽ രേഖകൾ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ.സി. മൊയ്തീനാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
150 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നതായി അന്വേഷണത്തിൽ ഇഡി കണ്ടെത്തിയിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് ബിനാമി സ്വത്തുക്കൾ പണയപ്പെടുത്തി കോടികൾ തട്ടിയത്. പാവപ്പെട്ട ഇടപാടുകാരുടെ ഭൂമി അവരറിയാതെയാണ് ബിനാമികൾ പണയപ്പെടുത്തിയത്. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം ലോണുകൾ അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.