

വിവാഹദിനം പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് നവ വരൻ മരിച്ചു. ചെമ്പഴത്തി ചെല്ലമംഗലം സ്വദേശി രാഗേഷ്(28) ആണ് മരിച്ചത്. രാഗേഷും കാട്ടായിക്കോണം സ്വദേശിനിയുമായുള്ള വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയായിരുന്നു അപകടം. പുലർച്ചെ ഒരുമണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്‌ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
രാഗേഷും യുവതിയും പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും എതിർത്തതിനെ തുടർന്ന് അമ്പലത്തിൽ താലികെട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനായി ചന്തവിളയിൽ വീടും വാടയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ബന്ധുവീട്ടിൽ പോയി സന്ദർശനം കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.