

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ പ്രവർത്തിക്കാനാരംഭിച്ചതോടെ പ്രതിദിനമുള്ള 4.5 ലക്ഷം നിയമലംഘനങ്ങൾ 2.5 ലക്ഷമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജി.
4,000 പേർ പ്രതിവർഷം വാഹന അപകടത്തിൽ മരിക്കുന്ന സംസ്ഥാനമാണ് കേരളം. 58% ഇരുചക്ര വാഹനങ്ങൾ, 24% കാൽനട യാത്രക്കാരൻ എന്ന കണക്കിൽ പ്രതിദിനം 12 പേർ റോഡപകടങ്ങളിൽ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രതിദിന ശരാശരി മരണം പരമാവധി മൂന്നായി കുറഞ്ഞു. റോഡപകടങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഒരിക്കൽ ലൈസൻസ് കിട്ടിയാൽ പരിശീലനമാവശ്യമില്ല എന്ന തോന്നൽ തെറ്റാണ്. റോഡ് നിയമങ്ങൾ, വാഹന നിലവാരം, സാങ്കേതികവിദ്യ എന്നിവ മാറുമ്പോൾ പരിശീലനം അത്യാവശ്യമാണ്.
ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ് സഹായത്തോടെ ഡ്രൈവറില്ലാത്ത വാഹനങ്ങൾ പുറത്തിറങ്ങുന്ന കാലമാണ്. ലോകത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊളളാൻ ഡ്രൈവർ സമൂഹവും തയാറാകണം. മോട്ടോർ വാഹന വകുപ്പ് വിവിധ ഏജൻസികളെ കോർത്തിണക്കി കേന്ദ്ര നിയമങ്ങൾ അടിസ്ഥാനമാക്കി വിവിധ പരിശീലനങ്ങൾ സംഘടിപ്പിക്കുകയാണെന്നും മന്ത്രി.