നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി

2024ൽ ജനിച്ച രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് മൃതശരീരം സഞ്ചിയിലാക്കി സ്കൂട്ടറിൽ ആമ്പല്ലൂരിൽ വന്ന് ഭവിനെ ഏൽപ്പിച്ചു

ഇരിങ്ങാലക്കുട: നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികളായ പുതുക്കാട് ആമ്പല്ലൂർ ചേനക്കാല വീട്ടിൽ ഭവിൻ (26), കാമുകിയായ മറ്റത്തൂർ നൂലുവള്ളി മുല്ലക്കപ്പറമ്പിൽ വീട്ടിൽ അനീഷ (22) എന്നിവരെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഭവിനും അനീഷയ്ക്കും 2021ലും 2024ലും ഓരോ ആൺകുട്ടികൾ ജനിച്ചിരുന്നു. നൂലുവള്ളിയിലുള്ള വീട്ടിൽ വച്ച് തന്നെയാണ് അനീഷ പ്രസവിച്ചത്.

അവിവാഹിതയായ അനീഷ പ്രസവിച്ചത് ആരുമറിയാതിരിക്കാനായി ശിശുക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ കുട്ടിയെ മാത്രമാണ് കൊലപ്പെടുത്തിയതെന്ന് അനീഷ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

കൊലപാതകത്തെക്കുറിച്ച് ഭവിന് അറിയാമെന്നാണ് നിഗമനം. പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് ആദ്യത്തെ കുട്ടി മരിച്ചതെന്ന് അനീഷ പറയുന്നു. യുവതിയാണ് ആദ്യത്തെ കുഞ്ഞിന്‍റെ മൃതദേഹം നൂലുവള്ളിയിലെ വീട്ടുപറമ്പിൽ കുഴിച്ചിട്ടത്.

2024ൽ ജനിച്ച രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് മൃതശരീരം സഞ്ചിയിലാക്കി സ്കൂട്ടറിൽ ആമ്പല്ലൂരിൽ വന്ന് ഭവിനെ ഏൽപ്പിച്ചു. തുടർന്ന് ഭവിൻ കുഞ്ഞിന്‍റെ മൃതദേഹം ആമ്പല്ലൂരിലെ വീടിനു സമീപം പറമ്പിൽ കുഴിച്ചിടുകയായിരുന്നു.

പിന്നീട് ഭവിൻ ആമ്പല്ലൂരിൽ കുഴിച്ചിട്ട കുട്ടിയുടെ അസ്ഥി കുഴിച്ചെടുത്ത് ആദ്യത്തെ കുട്ടിയുടെ അസ്ഥിയുമായി ചേർത്ത് ആമ്പല്ലൂരിലെ വീട്ടിൽ സൂക്ഷിച്ചു വച്ചു.

കുട്ടികളെ കൊലപ്പെടുത്തിയതിൽ ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികൾ സൂക്ഷിച്ചുവച്ചതെന്നാണ് ഭവിൻ്റെ മൊഴി.

ഇതിനുശേഷം ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഭവിനുമായി അകൽച്ചയിലായ അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവിൻ അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.

ഇവർ തമ്മിൽ ശനിയാഴ്ച വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെ മദ്യലഹരിയിലാണ് യുവാവ് സ്‌റ്റേഷനിലെത്തിയത്.

ആദ്യത്തെ കുഞ്ഞിൻ്റെ മൃതശരീരം അനീഷയുടെ നൂലുവള്ളിയിലുള്ള വീടിൻ്റെ പരിസരത്തും രണ്ടാമത്തെ കുട്ടിയുടെ മൃതശരീരം ആമ്പല്ലൂരിലെ ഭവിൻ്റെ വീട്ടുപറമ്പിലുമാണ് കുഴിച്ചിട്ടതെന്ന് ഭവിനെ ചോദ്യം ചെയ്തതിൽ അറിയാൻ കഴിഞ്ഞു.

ഭവിനെയും അനീഷയെയും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രസവിച്ച കുട്ടികളുടെ ജനനം മറച്ചു വെയ്ക്കുകയും കുട്ടികളെ സംരക്ഷിക്കാൻ ബാധ്യതയുള്ള മാതാപിതാക്കൾ ഗർഭസ്ഥ ശിശുവിന് നൽകേണ്ടതായ യാതൊരു വിധ പരിചരണവും ചികിത്സയും നൽകാതെ കുട്ടികളെ കൊലപ്പെടുത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും കൂട്ടുനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com