നിധിൻ രാജിന്‍റെ മരണത്തിന് കാരണമായവരെ അറസ്റ്റ് ചെയ്യും വരെ സമരം: ആക്ഷൻ കൗൺസിൽ

ചില ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ചു കാണിച്ചത് ഒഴിച്ചാൽ ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു
Action Council to continue strike until those responsible for Nithin Raj's death are arrested

നിധിൻ രാജിന്‍റെ മരണത്തിന് കാരണമായവരെ അറസ്റ്റ് ചെയ്യും വരെ സമരം: ആക്ഷൻ കൗൺസിൽ

Updated on

കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജ് വിദ്യാർഥി നിധിൻ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായ കോളെജ് പ്രിൻസിപ്പലിനെയും വകുപ്പ് മേധാവിയേയും അധ്യാപകരെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം കേരളത്തിൽ തുടരുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. സുരേഷ്, കൺവീനർ സണ്ണി എം. കപിക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 28ന് നടത്തിയ ഹർത്താൽ തകർക്കുവാൻ പൊലീസ് തെരുവ് ഗുണ്ടകളെ പോലെ പെരുമാറുകയും കള്ളക്കേസിൽ കുടുക്കി പ്രവർത്തകരെ പീഡിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്‌തു. കേസ് ക്രൈം ബ്രാഞ്ചിന് വിടാനുള്ള തീരുമാനം ഹർത്താലിന്‍റെ വിജയമാണെന്നും ജൂഡിഷ്യറിയുടെ കർശനമായ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

പത്തനംതിട്ട തിരുവല്ലയിൽ നടന്ന സംഭവത്തിൽ കാൻസർ രോഗി ആണെന്ന് സമരക്കാർ അറിഞ്ഞത് വൈകിയാണ്. ക്യാൻസർ രോഗിയുമായി സംസാരിച്ചതിന്‍റെ പേരിൽ സമര സമിതി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത്‌ ജയിലിൽ അടച്ചത് വധ ശ്രമത്തിനാണ്. ബസിൽ നിന്നിറങ്ങി കാൽനടയായി വന്ന ഇവർ മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മാത്രമാണ് സമരം ചെയ്‌തവരോട് സംസാരിച്ചത്. പിന്നീട് ഇവരെ പൊലീസ് ആശുപത്രിയിൽ എത്തിയ്ക്കുകയും ചെയ്‌തു.

ചില ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ചു കാണിച്ചത് ഒഴിച്ചാൽ ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു. പൊലീസും ഗുണ്ടകളും പട്ടിക വിഭാഗക്കരെ കയ്യേറ്റം ചെയ്‌ത സാഹചര്യം പലയിടത്തുമുണ്ടായി. മംഗലപുരത്ത് പൊലീസ് സമര സമിതി പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും മർദിയ്ക്കുകയും ചെയ്തു. ഹർത്താലുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഡിജിപി ഉൾപ്പെടെയുള്ള പൊലീസ് അധികാരികൾക്ക് നൽകിയെങ്കിലും സമര സമിതി നേതാക്കളുമായി ചർച്ചയ്യോ അന്വേഷണത്തിൽ പുരോഗതി വരുത്തുവാനോ പൊലീസ് തയ്യാറായില്ല. എന്നിരുന്നാലും നിരത്തിൽ ഇറങ്ങിയ വണ്ടികൾക്കും ജീവനക്കാർക്കും കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കാതെയുള്ള പ്രതിഷേധങ്ങളാണ് കേരളമെമ്പാടും നടന്നത്. ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതുമായോ ജീവനക്കാരെയോ അവശ്യ സർവീസുകളെയോ ആക്രമിച്ചതായോ ഒരു കേസ് പോലും രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നുള്ളതും സമര സമിതി ചൂണ്ടിക്കാണിക്കുന്നു.

സമര സമിതിക്കാർക്ക് എതിരെ കേസ് എടുക്കുവാനുള്ള അവധിക്കാല കോടതിയുടെ തീരുമാനം ഇരട്ട നീതിയാണെന്നും ഇത് മേൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. നിധിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ജൂഡിഷ്യറിയുടെ കർശനമായ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടു. ഹർത്താലിനെ പിന്തുണച്ച വിവിധ ദളിത് ആദിവാസി സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും പൊതുസമൂഹത്തോടും ആക്ഷൻ കൗൺസിൽ നന്ദി രേഖപ്പെടുത്തി. നിധിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ കോളെജ് അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത പക്ഷം സമരം സെക്രട്ടറിയേറ്റിലേയ്ക്കും അഞ്ചരക്കണ്ടി കോളെജ് പടിയ്ക്കലേക്കും മാറ്റുമെന്നും നേതാക്കൾ അറിയിച്ചു. ആക്ഷൻ കൗൺസിലിന് വേണ്ടി കെ.കെ. സുരേഷ് (ചെയർമാൻ), സണ്ണി എം. കപിക്കാട് (ജനറൽ കൺവീനർ), കെ. അംബുജാക്ഷൻ, എ.കെ. സജീവ്, പി.പി. ജോയ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com