തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: 2 ലക്ഷത്തിലേറെ പരാതികളിൽ നടപടി

മാർച്ച് 16 മുതൽ ശനിയാഴ്ച വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികളാണ്. 426 പരാതികളിൽ നടപടി തുടരുന്നു.
Action on more than 2 lakh complaints on Violation of election code
Action on more than 2 lakh complaints on Violation of election code

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയ സി വിജിൽ മൊബൈൽ ആപ്പ് വഴി ലഭിച്ച പരാതികളിൽ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളിൽ നടപടി എടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മാർച്ച് 16 മുതൽ ശനിയാഴ്ച വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികളാണ്. 426 പരാതികളിൽ നടപടി തുടരുന്നു.

അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകൾ, സ്ഥാപിച്ച ബാനറുകൾ, ബോർഡുകൾ, ചുവരെഴുത്തുകൾ, നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ, വസ്തുവകകൾ വികൃതമാക്കൽ, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കൽ, മദ്യവിതരണം, സമ്മാനങ്ങൾ നൽകൽ, ആയുധം പ്രദർശിപ്പിക്കൽ, വിദ്വേഷപ്രസംഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജിൽ മുഖേന കൂടുതലായി ലഭിച്ചത്.

അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികൾ ലഭിച്ചപ്പോൾ വസ്തുവകകൾ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികൾ ഉണ്ടായി. നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ സംബന്ധിച്ച 4,446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണവിതരണം (19), മദ്യവിതരണം (52), സമ്മാനങ്ങൾ നൽകൽ (36), ആയുധപ്രദർശനം (150), വിദ്വേഷപ്രസംഗം (39), സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ (23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജിൽ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ 3 പരാതികളും ലഭിച്ചു. പരാതികളിൽ വസ്തുതയില്ലെന്ന് കണ്ട് 3,083 പരാതികൾ തള്ളി.

ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ആപ്പ് വഴി അയയ്ക്കാൻ സാധിക്കൂ. മറ്റുള്ളവർ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങൾ അയയ്ക്കാൻ സാധിക്കില്ല. അതിനാൽ വ്യാജ പരാതികൾ ഒഴിവാക്കാം. ചട്ടലംഘനം എന്ന പേരിൽ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങൾ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയയ്ക്കുന്നതു തടയാനാണു സ്വന്തം ഫോൺ ക്യാമറ വഴി എടുത്ത ചിത്രങ്ങൾക്കു മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com