
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടപടിക്രമങ്ങൾ വൈകിപ്പിച്ചു; ഉദ‍്യോഗസ്ഥനെതിരേ നടപടി
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടപടിക്രമങ്ങൾ വൈകിപ്പിച്ചതിന് പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി. മരട് എസ്ഐ കെ.കെ. സജീഷിനെ ട്രാഫിക് വെസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. കൊച്ചി ഡിസിപിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസിന്‍റെ പ്രധാനപ്പെട്ട രേഖകൾ ഫയലിൽ നിന്നും മാറ്റിയതായി ഉദ‍്യോഗസ്ഥനെതിരേ പരാതി ഉയർന്നിരുന്നു.
ചിത്രത്തിന്‍റെ ലാഭ വിഹിതം നൽകിയില്ലെന്നാരോപിച്ച് മരട് സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയെത്തുടർന്നായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചിത്രത്തിന്‍റെ നിർമാണത്തിനു വേണ്ടി പലപ്പോഴായി ഏഴു കോടി രൂപയോളം തന്‍റെ കൈയിൽ നിന്നു വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു പരാതി.
ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനായിരുന്നു കോടതി നിർദേശിച്ചത്.
അതേസമയം പരാതിക്കാരൻ വാഗ്ദാനം ചെയ്തിരുന്ന പണം കൃത‍്യസമയത്ത് നൽകിയില്ലെന്നും അതിനാൽ ഷൂട്ടിങ് ഷെഡൂളുകൾ മുടങ്ങിയതായും വലിയ നഷ്ടങ്ങളുണ്ടാക്കിയെന്നും നിർമാതാക്കൾ ആരോപിക്കുന്നു.