
രാജീവ് മുല്ലപ്പിള്ളി
ഇരിങ്ങാലക്കുട< മലയാള സിനിമയിൽ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മികച്ച ഹാസ്യതാരമായും നായകനായും മഹാനടനായും തിളങ്ങുകയും, ജനപ്രതിനിധിയും എഴുത്തുകാരനുമായി വിളങ്ങുകയും ചെയ്ത ഇന്നസെന്റിന് ഇനി ജന്മനാടായ ഇരിങ്ങാലക്കുടയുടെ മണ്ണിൽ നിത്യനിദ്ര.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ കുടുംബ കല്ലറയിൽ ഇന്നലെ രാവിലെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടന്നത്.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, വി.എൻ. വാസവൻ, ഡോ ആർ. ബിന്ദു, എംഎൽഎമാരായ വി.ആർ. സുനിൽ കുമാർ, പി. ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ചലച്ചിത്ര മേഖലയിൽ നിന്ന് സത്യൻ അന്തിക്കാട്, ദിലീപ്, കാവ്യ മാധവൻ, ദേവൻ, ഇടവേള ബാബു, കോട്ടയം നസീർ, സിദ്ധാർഥ് ഭരതൻ, ജോജു ജോർജ്, വിനീത്, ടോവിനോ തോമസ്, സായ് കുമാർ, ബിന്ദു പണിക്കർ, നാദിർ ഷാ, അരുൺ ബോബൻ, ബൈജു തുടങ്ങിയ ഒട്ടേറെ പേർ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇന്നലെയും നിരവധി പേരാണ് നാടിന്റെ നായകനെ കാണാനെത്തിയത്.
സാധാരണ സംഭവങ്ങളെയും ഗൗരവമുള്ള വിഷയങ്ങളെയും സരസമായി അവതരിപ്പിച്ച് മറ്റുള്ളവരിൽ ചിരി പടർത്തുന്ന ഹാസ്യലോകത്തെ അപൂർവ പ്രതിഭകളിൽ ഒരാളായിരുന്നു ഇന്നസെന്റ്. ജീവിതത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവിലൂടെ സിനിമയിലെത്തിയ അദ്ദേഹം അര നൂറ്റാണ്ടിലേറെ തന്റെ അഭിനയ ചാരുത കൊണ്ട് മലയാള സിനിമാ ലോകത്ത് നിറഞ്ഞാടുകയായിരുന്നു.
പ്രിയ നടൻ വിടവാങ്ങുമ്പോൾ തേങ്ങലോടെ ഒരു നാട് മുഴുവൻ അദ്ദേഹത്തെ കാണാൻ ഒഴുകിയെത്തിയത് അദ്ദേഹത്തിന്റെ ജനപ്രീതിയുടെ നേർക്കാഴ്ച്ചയായി മാറി. 2014ൽ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിസ്വാർഥനായ രാഷ്ട്രീയ നേതാവായി തിളങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞു.
ആയിരങ്ങളുടെ അശ്രുപൂജ ഏറ്റുവാങ്ങി ഇരിങ്ങാലക്കുട കണ്ട ഏറ്റവും വലിയ യാത്രാമൊഴിയോടെയാണ് നടനും മുൻ ജനപ്രതിനിധിയുമായിരുന്ന ഇന്നസെന്റ് ആറടി മണ്ണിലേക്ക് മടങ്ങിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ "തേക്കേത്തല വറീത് മകൻ ഇന്നസെന്റ് ജനനം 1948 ഫെബ്രുവരി 28- മരണം 2023 മാർച്ച് 26" എന്നെഴുതിയ ശിലയിൽ അന്ത്യനിദ്ര കൊള്ളും.