കൊച്ചി: നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ‍്യപേക്ഷ തള്ളി ഹൈക്കാടതി. ജസ്റ്റിസ് സി.എസ്. ഡയസ് അധ‍്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതോടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. മുൻകൂർ ജാമ‍്യപേക്ഷയിൽ നേരത്തെ വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.
സമാന ആരോപണങ്ങൾ നേരിട്ട മറ്റ് ഹർജിക്കാർക്ക് ഹൈക്കോടതി നേരത്തെ ജാമ‍്യം അനുവദിച്ചിരുന്നു. നടി ബലാത്സംഗ ആരോപണം മുൻപ് ഉന്നയിച്ചിരുന്നില്ലെന്നും, പരാതി അടിസ്ഥാനരഹിതമാണെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ള വാദിച്ചു.
2012ൽ സംഭവം നടന്നുവെന്നാണ് ആരോപണം. കെട്ടിച്ചമച്ച കഥയാണ് പരാതിക്കാരി ഉന്നയിച്ചതെന്നാണ് സിദ്ദിഖിന്‍റെ ആരോപണം. എന്നാൽ ഇരുവരും മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുകളുണ്ടെന്ന് സർക്കാരിനായി ഹാജരായ പബ്ലിക്ക് പ്രോസിക‍്യൂട്ടർ പി. നാരായണൻ വാദിച്ചു.
സിനിമയുടെ സ്ക്രീനിംഗുമായി ബന്ധപ്പെട്ടുള്ള തെളിവുകളും ഇരുവരും സംഭവ ദിവസം മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന്‍റെയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര‍്യ തെളിവുകൾ സിദ്ദിഖിന് എതിരായതിനെ തുടർന്ന് 376-ാം വകുപ്പ് ചുമത്തി മ‍്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു.
കേസ് ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി നടിയുടെ പരാതിയിൽ അന്വേഷണസംഘത്തിന് മുൻപോട്ടുപോകാമെന്ന് ഉത്തരവിട്ടു. പരാതിയിലെ കാലതാമസം കണക്കിലെടുക്കേണ്ടതില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരി ഡബ്യുസിസി അംഗമാണ് എന്നതടക്കം സിദ്ദിഖ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിക്കാരി 2019ലും തനിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നതായി സിദ്ദിഖ് ഹർജിയിൽ പറഞ്ഞിരുന്നു. 2016 മുതൽ നടിയുമായി പരിചയമുണ്ട്. 2019 മുതലാണ് സമൂഹമാധ്യമം വഴി തനിക്കെതിരെ ആരോപണം ഉന്നയിച്ചു തുടങ്ങിയത്. എന്നാൽ 2024ൽ മാത്രമാണ് തനിക്കെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തുവന്നത്. ഇതിൽ അസ്വാഭാവികത ഉണ്ടെന്നും തന്നെ കുടുക്കാനായി ഇപ്പോൾ ആരോപണത്തിൽ മാറ്റം വരുത്തിയതാണെന്നും സിദ്ദിഖ് വാദിച്ചു.
എന്നാൽ ഇക്കാര്യങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല. വെല്ലുവിളികളെ അതിജീവിച്ചു നടി നൽകിയ പരാതിയിൽ കേസെടുത്ത് മുൻപോട്ടുപോകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യക്തിഹത്യ നടത്തിയെന്ന സിദ്ദിഖിന്‍റെ വാദവും കോടതി തള്ളി.
അതിജീവിതയുടെ പരാതി അങ്ങേയറ്റം ഗൗരവമുള്ളതും ഗുരുതരവുമാണെന്ന് കോടതി വ്യക്തമാക്കി. കോടതിക്കു മുമ്പാകെയുള്ള തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് സി.എസ്. ഡയസ് തന്‍റെ വിധിയില്‍ പറയുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്ന് നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സിദ്ദിഖിന്‍റെ അഭിഭാഷകന്‍ വാദിച്ചതെന്ന് കോടതി പറഞ്ഞു. 14 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതുകൊണ്ട് പരാതിക്ക് വിശ്വാസ്യതയില്ലെന്നു വാദിച്ചത് അനാവശ്യ പരാമര്‍ശമാണ്. തന്‍റെ ലൈംഗികാവയവം കടത്തി ബലാത്സംഗം ചെയ്തുവെന്ന് പരാതിയിലില്ല എന്ന സിദ്ദിഖിന്‍റെ വാദവും കോടതി തള്ളി. ഐപിസി 375 ാം വകുപ്പില്‍ ലൈംഗികാവയവം ഉപയോഗിച്ചുള്ള പീഡനം മാത്രമല്ല, മറ്റേത് ഭാഗം കൊണ്ടാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരും. സിദ്ദിഖിന്‍റെ ലൈംഗിക ശേഷി പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവര്‍ നേരിടുന്ന ദുരിതത്തെയാണ്. ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ഒരുപക്ഷേ, അവരെ നിശബ്ദയാക്കാന്‍ വേണ്ടിയായിരിക്കും. എന്നാല്‍ അത് നിയമത്തിന് എതിരാണ്. പരാതിയുടെ ഗൗരവമാണ് കോടതി നോക്കുന്നത്. അല്ലാതെ പരാതിക്കാരിയുടെ സ്വഭാവമല്ല.
പരാതി നല്‍കാന്‍ വൈകി എന്നതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ല. അഭിമാനം നഷ്ടപ്പെടുമോ, ഭയം അടക്കം അനേകം കാര്യങ്ങള്‍ പരാതി നല്‍കുന്നതില്‍ നിന്ന് വൈകിപ്പിക്കാറുണ്ട്. എന്തുകൊണ്ട് വൈകി എന്ന സാഹചര്യങ്ങളും മറ്റ് വിശദാംശങ്ങളും വിചാരണകോടതിയില്‍ പരിശോധിക്കാവുന്നതാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് പരാതിക്കാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് തുറന്ന് പറയാന്‍ അവസരം ഉണ്ടാക്കിയിട്ടുണ്ടെന്നും കോടതി.