

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര
കൊച്ചി: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ കലാകാരൻ ശ്രീനിവാസന് വിടചൊല്ലി കേരളം. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പതിനായിരങ്ങളാണ് ശ്രീനിയെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തി. സിനിമ മേഖലയിലെ പ്രമുഖരും സാധാരണക്കാരുമടക്കം സന്നിഹിതരായി.
ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ശനിയാഴ്ച ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.
48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായി. 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നിങ്ങനെ എല്ലാ മേഖലയിലും കൈവച്ച ശ്രീനിവാസൻ മലയാളികൾക്ക് സമ്മാനിച്ച എല്ലാലത്തും പ്രസക്തമായ ചിത്രങ്ങൾ എന്നും മലയാളക്കരയ്ക്ക് മുതൽക്കൂട്ടാണ്.