
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിൽ ഇടപെടുന്നില്ലെന്നും, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ജെ. കെ. മഹേശ്വരി അധ്യക്ഷയായ ബെഞ്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്നു നടന്‍ ദിലീപ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. മഞ്ജുവിനെ വിസ്തരിക്കുന്നതിനായി പ്രോസിക്യൂഷന്‍ പറയുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപ് പറഞ്ഞു. കാവ്യ മാധവന്‍റെ അച്ഛനെയും അമ്മയേയും വിസ്തരിക്കണമെന്നു പറയുന്നതു വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയ്‌സ് ക്ലിപ്പുകളിലെ ശബ്ദം തിരിച്ചറിയാനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. ദിലീപിന്‍റെയും സഹോദരന്‍റെയും സഹോദരി ഭര്‍ത്താവിന്‍റെയും ശബ്ദമാണ് വോയിസ് ക്ലിപ്പിലുള്ളത്.
അതേസമയം പ്രതി ദിലീപിന്‍റെ നിലപാടുകളാണ് വിചാരണ അനന്തമായി നീളാൻ കാരണമെന്നു അതിജീവിത സുപ്രീം കോടതിയിൽ വ്യക്തമാക്കി. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിചാരണ അനന്തമായി നീളാൻ അനുവദിക്കില്ല. വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.