

ദിലീപ്
File image
കൊച്ചി: ബലാത്സംഗത്തിനിരയായ നടിയുടെ മൊഴി പുറത്ത്. 2012 മുതൽ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴിയിൽ പറയുന്നത്. മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നും 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചുവെന്നും നടി പറയുന്നു.
കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി. അതിന് തനിക്കെതിരേ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്നായിരുന്നു ദിലീപിന്‍റെ മറുപടി.
കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്നം പറഞ്ഞുതീർക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നെ ഉപദേശിച്ചിരുന്നതായും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.
കേസിൽ തിങ്കളാഴ്ച വിധി വരാനിരിക്കെയാണ് വിചാരണ കോടതിയിൽ നൽകിയ കൂടുതൽ മൊഴികൾ പുറത്തു വരുന്നത്. അതിജീവിതയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നെന്നും എന്നാല്‍ നടന്നിരുന്നില്ലെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ശ്രമത്തിലാണ് പദ്ധതി നടപ്പായതെന്നും വിവരമുണ്ട്.