
കൃഷ്ണപ്രഭ
കോഴിക്കോട്: നടി കൃഷ്ണപ്രഭക്കെതിരേ മുഖ‍്യമന്ത്രിക്ക് പരാതി നൽകി തൃശൂർ സ്വദേശി. തൃശൂർ കൈപ്പമംഗലം സ്വദേശിയായ ധനഞ്ജയ് ആണ് നടി വിഷാദരോഗത്തെ നിസാരവത്കരിച്ചുവെന്ന് ആരോപിച്ച് മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്.
പണിയൊന്നുമില്ലാത്തവർക്കാണ് ഡിപ്രഷനും മൂഡ് സ്വിങ്സുമൊക്കെ വരുന്നതെന്നും പണ്ടത്തെ വട്ടിനുള്ള പുതിയ പേരാണ് ഡിപ്രഷൻ എന്നുമായിരുന്നു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്.
'' ആളുകൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ്, വൃത്തി പ്രശ്നം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെക്കുറിച്ച് പറയാറുണ്ട്. പണ്ടത്തെ വട്ടു തന്നെയാണിത്. പുതിയ പേരുകൾ വന്നെന്ന് മാത്രം. ശരിക്കും ഇതിന്‍റെയൊക്കെ കാരണം പണിയില്ലാത്തതാണ്.
മനുഷ്യന്‍ എപ്പോഴും ബിസിയായിരുന്നാല്‍ കുറേ കാര്യങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാവും''- കൃഷ്ണ പ്രഭ അഭിമുഖത്തിൽ ചിരിച്ചുകൊണ്ട് പറയുന്നു.
ഇതിനു പിന്നാലെതന്നെ വ്യാപക വിമർശനം ഉയരുന്നിരുന്നു. അറിവില്ലായ്മ ഒരു കുറ്റമല്ലെന്നും എന്നാലതൊരു അലങ്കാരമായി കൊണ്ടു നടക്കരുതെന്നുമായിരുന്നു ആളുകളുടെ പ്രതികരണം. മെഡിക്കൽ രംഗത്തെ പ്രമുഖരും സിനിമാ താരങ്ങളുമടക്കം കൃഷ്ണപ്രിഭക്കെതിരേ രംഗത്തെത്തിയിരുന്നു.