

കൃഷ്ണപ്രഭ
മാനസിക രോഗങ്ങളെ നിസാരവത്ക്കരിച്ചും പരിഹസിച്ചും സംസാരിച്ച നടി കൃഷ്ണപ്രഭക്കെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. പണിയൊന്നുമില്ലാത്തവർക്കാണ് ഡിപ്രഷനും മൂഡ് സ്വിങ്സുമൊക്കെ വരുന്നതെന്നും പണ്ടത്തെ വട്ടിനുള്ള പുതിയ പേരാണ് ഡിപ്രഷൻ എന്നുമായിരുന്നു നടി പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്‍റർവ്യൂവിലായിരുന്നു നടിയുടെ പ്രതികരണം.
''ചില ആളുകൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ്, വൃത്തി പ്രശ്നം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെക്കുറിച്ച് പറയാറുണ്ട്. പണ്ടത്തെ വട്ടു തന്നെയാണിത്. പുതിയ പേരുകൾ വന്നെന്ന് മാത്രം. ശരിക്കും ഇതിന്‍റെയൊക്കെ കാരണം പണിയില്ലാത്തതാണ്. മനുഷ്യന്‍ എപ്പോഴും ബിസിയായിരുന്നാല്‍ കുറേ കാര്യങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാവും''- കൃഷ്ണ പ്രഭ ഇന്‍റർവ്യൂവിൽ ചിരിച്ചുകൊണ്ട് പറയുന്നു.
പിന്നാലെതന്നെ വ്യാപക വിമർശനമാണ് ഉയരുന്നത്. അറിവില്ലായ്മ ഒരു കുറ്റമല്ലെന്നും എന്നാലതൊരു അലങ്കാരമായി കൊണ്ടു നടക്കരുതെന്നും ആളുകൾ പറയുന്നു. കൃഷ്ണ പ്രഭയും ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയും ഇതിൽ ക്ഷമ പറയണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. മെഡിക്കൽ രംഗത്തെ പ്രമുഖരും സിനിമാ താരങ്ങളുമടക്കം കൃഷ്ണപ്രഭക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
മാത്രമല്ല, ഒരു സൈക്കോളജിസ്റ്റ് കൃഷ്ണ പ്രഭയയെ രൂക്ഷമായി വിമർശിക്കുന്ന വീഡിയോ സാനിയ അയ്യപ്പൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. പരിഹസിക്കാൻ വേണ്ടിയെങ്കിലും ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാവണമെന്ന് ഗായിക അഞ്ജു വർഗീസ് പ്രതികരിച്ചു. താൻ വിഷാദ രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്ന് ഇലോൺ മസ്ക് പറഞ്ഞിട്ടുണ്ട്. ദീപിക പദുക്കോണും ഇത്തരം അവസ്ഥയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അത് അവർക്കൊക്കെ തിരക്കില്ലാത്തതിനാലാണോ? ദയവു ചെയ്ത് വട്ട് പോലുള്ള വാക്കുകൾ ഉപയോഗിക്കരുത്.