

സനൽ കുമാർ ശശിധരൻ, മഞ്ജു വാര‍്യർ
കൊച്ചി: സോഷ‍്യൽ മീഡിയയിൽ തനിക്കെതിരേ പങ്കുവച്ച അപകീർത്തിപരമായ കുറിപ്പുകൾ പിൻവലിക്കണമെന്ന് ആവശ‍്യപ്പെട്ട് സംവിധായകൻ സനൽ കുമാർ ശശിധരനെതിരേ നടി മഞ്ജു വാര‍്യർ മാനനഷ്ട കേസ് നൽകി. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി കേസ് ഫയൽ ചെയ്തത്.
തന്നെ നിരന്തരം അപമാനിക്കുന്ന പ്രതികരണങ്ങളാണ് സംവിധായകൻ നടത്തുന്നതെന്നാണ് നടി സമർപ്പിച്ച ഹർജിയിൽ പറയുന്നത്. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി എഡിറ്റർ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് മഞ്ജുവിന്‍റെ അഭിഭാഷക ശാന്തി മായാദേവി അറിയിച്ചു.
സെപ്റ്റംബർ 30ന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് പ്രതികൾക്ക് നോട്ടീസയച്ചിട്ടുണ്ട്. അപകീർത്തിപരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് അതിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരേയുണ്ടായ കേസിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ‍്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത‍്യാഗ്രഹം നടത്തിവരുകയാണ് സനൽ കുമാർ ശശിധരൻ.