'പവർ ഗ്രൂപ്പ് ഉണ്ട്; അതിൽ പെണ്ണുങ്ങളുമുണ്ട്': ശ്വേതാ മേനോൻ
കൊച്ചി: സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും അതിൽ പെണ്ണുങ്ങളുമുണ്ടെന്നും വെളിപ്പെടുത്തി ശ്വേതാ മേനോൻ. അനധികൃതമായ വിലക്ക് എനിക്കും ഉണ്ടായിട്ടുണ്ടെന്നും ഇതുമൂലം കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടമായതായും താരം വ്യക്തമാക്കി. താൻ എപ്പോഴും പ്രതികരിക്കുന്ന ആളായതുകൊണ്ട് ഇത് പുതുമയായി തോന്നുന്നില്ല. നോ പറയേണ്ട സമയത്ത് നോ പറയണം എന്നു വിശ്വസിക്കുന്ന ആളാണ്. നോ പറയാത്തതിന്‍റെ പ്രശ്നമാണ്. പിന്നെ എല്ലാവരുടെയും സാഹചര്യമൊന്നും അറിയില്ല. കാസ്റ്റിംഗ് കൗച്ച് ഒന്നും ഞാൻ അനുഭവിച്ചിട്ടില്ല. ഞാൻ അമ്മയുടെ വൈസ് പ്രസിഡന്‍റായിരുന്ന സമയത്ത് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ വരണമെന്ന് പറയാറുണ്ട്. പക്ഷേ ആരും വരാറില്ല.
ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിൽ വളരെ സന്തോഷമുണ്ട്. കുറച്ച് ലേറ്റ് ആയെന്നാണ് ഞാൻ പറയുന്നത്. സ്ത്രീകൾക്ക് അതിന്‍റേതായ പ്രശ്നങ്ങളുണ്ടെന്ന് കുറേ വർഷങ്ങളായി താൻ പറയുന്ന കാര്യമാണ്. ഫൈറ്റ് ചെയ്യണം. നമ്മുടെ കൂടെ ആരും നിൽക്കാൻ പോണില്ല. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ പുറത്തും വരുന്നില്ല. ആണുങ്ങളെല്ലാം പിന്നെയാണ്. സ്ത്രീകൾ തന്നെ സ്ത്രീകളെ സപ്പോർട്ട് ചെയ്താൽ കുറേപ്പേർ പുറത്തുവരും. ഇപ്പോൾ കുറച്ചുപേർ പുറത്തുവരുന്നത് നല്ലൊരു മാറ്റമാണ്. പ്രതിഫലം സമയത്ത് കിട്ടാത്തതുൾപ്പടെ സ്ത്രീകളുടെ നിരവധി പ്രശ്നങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. താൻ ബോളിവുഡിൽ കുറേക്കാര്യങ്ങൾ കണ്ടതുകൊണ്ട്, ഇവിടെ പ്രതിഫലം ചോദിച്ചു വാങ്ങാൻ സാധിച്ചു. ഒരു പത്ത് പന്ത്രണ്ട് കേസ് ഞാൻ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു.