
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്‍റെ ജലവൈദ്യുത പദ്ധതിക്ക് അനുമതി നൽകേണ്ട വിദഗ്ധ സമിതിയിൽ കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന്‍റെ ഉപദേഷ്‌ടാവിനെ ഉൾപ്പെടുത്തിയതിനെച്ചൊല്ലി വിവാദം. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്‍റെ (എജിഇഎൽ) മുഖ്യ ഉപദേഷ്ടാവ് ജനാർദൻ ചൗധരിയെയാണ് ജലവൈദ്യുത- നദീതട പദ്ധതികളുമായി ബന്ധപ്പെട്ട വിദഗ്ധ വിലയിരുത്തൽ സമിതിയിൽ (ഇഎസി) അംഗമാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ചൗധരി ഇഎസി അംഗമായത്. ഇതിനുശേഷം സമിതി പരിഗണിച്ച ആദ്യ വിഷയം മഹാരാഷ്‌ട്രയിലെ തരലിയിൽ എജിഇഎലിന്‍റെ 1500 മെഗാവാട്ട് പമ്പിങ്- സ്റ്റോറെജ് പദ്ധതിയായിരുന്നു.
36 വർഷം നാഷണൽ ഹൈഡ്രോ പവർ കമ്പനിയിൽ പ്രവർത്തിച്ച ചൗധരി 2020ൽ സാങ്കേതിക വിഭാഗം ഡയറക്റ്ററായാണു വിരമിച്ചത്. 2022 ഏപ്രിലിലാണ് എജിഇഎലിന്‍റെ ഉപദേഷ്ടാവായി ചുമതലയേറ്റത്. ഒക്റ്റോബർ 17നു നടന്ന ഇഎസി യോഗത്തിൽ താൻ പങ്കെടുത്തെങ്കിലും എജിഇഎലിന്‍റെ പദ്ധതിയെക്കുറിച്ചുള്ള ചർച്ചയിൽ നിന്നു വിട്ടുനിന്നുവെന്നാണ് ചൗധരിയുടെ വിശദീകരണം.
പദ്ധതിയുടെ ചർച്ചയിൽ ചൗധരി പങ്കെടുത്തില്ലെന്ന് ഇഎസിയുടെ സെക്രട്ടറിയും ശാസ്ത്രജ്ഞനുമായ യോഗേന്ദ്ര പാൽ സിങ്ങും പറയുന്നു. എന്നാൽ, സ്വന്തം കമ്പനിയുടെ പദ്ധതിയുടെ ചർച്ചയിൽ നിന്ന് വിട്ട് നിൽക്കുന്നത് മതിയാകില്ലെന്നും കമ്പനിയുടെ എതിരാളികളുടെ പദ്ധതികളെ കുറിച്ച് അറിയാൻ സാധിക്കുന്നത് നീതീകരിക്കാനാകില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് വർഷമാണ് ഇഎസി അംഗങ്ങളുടെ കാലാവധി.
വിവിധ പദ്ധതികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാരിന് ശുപാർശകൾ നൽകുകയാണ് ഇഎസിയുടെ ചുമതല. ഈ ശുപാർശകൾ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകണോ എന്നു കേന്ദ്ര പരിസ്ധിതി മന്ത്രാലയം തീരുമാനിക്കുന്നത്.
സമിതിയിൽ അദാനിയുടെ ഉപദേഷ്ടാവിനെ ഉൾപ്പെടുത്തിയതിനെതിരേ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. അദാനിയുടെ പ്രധാന സേവകൻ അദാനിയുടെ ജീവനക്കാരനെ ഇഎസിയിൽ ഉൾപ്പെടുത്തിയെന്ന് കോൺഗ്രസ് പരിഹസിച്ചു. ഈ സമിതിയാണ് അദാനിയുടെ ആറു പദ്ധതികൾക്ക് അനുമതി നൽകിയതെന്നും കോൺഗ്രസ്.
ഇ മെയ്‌ൽ ഐഡിയും പാസ്‌വേഡും പങ്കുവച്ചതിന് ഒരു പാർലമെന്‍റംഗത്തെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്യുമ്പോഴാണ് തന്ത്രപ്രധാനമായ സമിതിയിൽ ഒരു സ്വകാര്യ കമ്പനിയുടെ ജീവനക്കാരനെ ഉൾപ്പെടുത്തിയതെന്നു ശിവസേന ഉദ്ധവ് വിഭാഗം എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു. ഇക്കാര്യത്തിൽ താത്പര്യ സംഘർഷമില്ലേ എന്നും അവർ. സർക്കാരിനെതിരേ തൃണമൂൽ എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി.