പ്രതി ദിവ്യ മാത്രം; നവീൻ‌ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു

''ദിവ്യയുടെ ആരോപണത്തെ സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ ലഭിച്ചിട്ടുണ്ട്''
adm naveen babus death chargesheet submitted

പ്രതി ദിവ്യ മാത്രം; നവീൻ‌ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു

Updated on

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്‍റെ മരണം കഴിഞ്ഞ് 5 മാസത്തിനു ശേഷമാണ് പ്രത്യേക അന്വേഷണ സംഘം 100 പേജിലേറെയുള്ള കുറ്റപത്രം സമർപ്പിച്ചത്.

സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന പി.പി. ദിവ്യ മാത്രമാണ് കേസിലെ പ്രതി, യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിലാകെ 79 സാക്ഷികളാണുള്ളത്. പെട്രോൾ പമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തൻ കേസിലെ 43-ാം സാക്ഷിയാണ്.

പുലർച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ നേരിടേണ്ടി വരുമെന്ന് നവീൻ ബാബു ഭയന്നിരുന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. നവീൻ ബാബു കൈക്കൂലി വാങ്ങിയത് നേരിട്ട് തെളിവുകളൊന്നുമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ ദിവ്യയുടെ ആരോപണത്തെ സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എൻഒസി ലഭിക്കും മുൻപ് പ്രശാന്തൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ട്. പ്രശാന്തനും നവീൻ ബാബുവും നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. എൻഒസി ലഭിക്കും മുൻപ് പ്രശാന്തൻ ക്വോർട്ടേഴ്സിലെത്തി നവീൻ ബാബുവിനെ കണ്ടിട്ടുണ്ട്. എന്നാൽ‌ പണം കൈമാറി എന്നതിന് നേരിട്ടുള്ള തെളിവുകളില്ല.

ആരോപണം ഉന്നയിക്കുന്നതിനു മുൻപായി സ്വീകരിക്കേണ്ട നിയമ നടപടികൾ ദിവ്യ സ്വീകരിച്ചിട്ടില്ല. മാത്രമല്ല ദിവ്യ ആരോപണമുന്നയിച്ചത് ആസൂത്രിതമായാണ്. പരിപാടിയിലേക്ക് പ്രാദേശിക മാധ്യമങ്ങളെ ദിവ്യ‌ വിളിച്ചു വരുത്തി. ഇതിന്‍റെ ദൃശ്യങ്ങൾ ദിവ്യ തന്നെയാണ് പ്രചരിപ്പിച്ചത് - തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com