''നിരപരാധിയായ ഒരാളെ രക്ഷിക്കാൻ സാധിച്ചില്ല'', വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആളൂർ

ജിഷ കൊലക്കേസ് അപൂർവങ്ങളിൽ അത്യപൂർവമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു
advocate ba aloor reacting on jisha murder case verdict
ബി.എ. ആളൂർ | അമീറുൾ ഇസ്ലാം

കൊച്ചി: പെരുമ്പാവൂർ ജിഷ കൊലപാതകത്തിൽ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ. നിരപരാധിയായ ഒരാളെ രക്ഷിക്കാൻ സാധിച്ചില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിചാരണക്കോടതിയില്‍ പ്രതിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍. എന്നാല്‍, ഹൈക്കോടതിയില്‍ പ്രതിഭാഗത്തിന്‍റെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞിരുന്നു.

ജിഷ കൊലക്കേസ് അപൂർവങ്ങളിൽ അത്യപൂർവമെന്നാണ് പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കേസിൽ നിർണായകമായത്. പ്രതി അമീറുളിന്‍റെ ഡിഎന്‍എ ഫലം അടക്കമുള്ള തെളിവുകള്‍ വിശ്വസനീയമായിരുന്നു. ഇത്തരം കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കുന്നത് തെറ്റെന്നും വിധി പ്രസ്താവത്തിനിടെ കോടതി അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ കുറ്റവാളികൾക്കുള്ള സന്ദേശമാണ് ഹൈക്കോടതി വിധിയെന്നായിരുന്നു പ്രോസിക്യൂട്ടറുടെ പ്രതികരണം. കുറ്റം ചെയ്ത ഒരാളും രക്ഷപെടില്ലെന്ന ഉരച്ച ബോധ്യമാണ് കോടതി വിധി തരുന്നത്. സാഹചര്യത്തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചത്. വിചാരണക്കോടതിയുടെ വിധി അതേപടി ശരിവെക്കുകയാണ് ഹൈക്കോടതി ചെയ്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com