
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
തൃശൂർ: തൃശൂരിലെ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലുള്ള എൻഐഎച്ച്എസ്എഡി ലാബിൽ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പാണ് രോഗബാധ സ്ഥിരീകരിച്ച കാര‍്യം അറിയിച്ചത്.
രോഗവ‍്യാപനം തടയുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
രോഗബാധ കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ‍്യാപിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതിനും പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും നിയന്ത്രണം ഏർപ്പടുത്താൻ ജില്ലാ കലക്റ്റർ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.