
vs achuthanandan
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ ക്യാപ്പിറ്റൽ പണിഷ്മെന്‍റ് പരാമർശ വിവാദത്തിൽ സിപിഎം നേതാവും മുൻ എംപിയുമായ സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി. ശിവൻകുട്ടി. ആലപ്പുഴ സമ്മേളത്തിൽ അങ്ങനെയൊരു ചർച്ച ഉണ്ടായിട്ടില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവെന്ന നിലയിൽ വിഎസ് നമ്മെ വിട്ട് പോവുന്നത് വരെ എല്ലാ ബഹുമാനവും നൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ആ സമ്മേളനത്തിൽ വച്ച് ആരും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. വിഎസ് നമ്മെ വിട്ട് പോവുന്നത് വരെ എല്ലാ ബഹുമാനവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. അതിനപ്പുറമുള്ള അഭിപ്രായം വസ്തുതകൾക്ക് നിരക്കുന്നതല്ല. വിഎസിന്‍റെ വേർപാടിന് ശേഷം അദ്ദേഹത്തിന്‍റെ പേര് വച്ച് ചർച്ച നടത്തുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ശിവൻകുട്ടി പറഞ്ഞു.
പത്രമാധ്യമത്തിലെ ലേഖനത്തിലാണ് ഇത്തരമൊരു വിവാദം വീണ്ടും ഉയർന്നത്. ഒരു കൊച്ചു പെൺകുട്ടിയുടെ ക്യാപ്പിറ്റൽ പണിഷ്മെന്‍റ് പരാമർശത്തെ തുടർന്നാണ് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി.എസ്. അച്യുതാന്ദൻ ഇറങ്ങിപ്പോയതെന്ന് മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരുന്നു.
2015 ലെ ആലപ്പുഴ സമ്മേളനത്തിൽ ഒരു കൊച്ചുപെൺകുട്ടി വിഎസിന് ക്യാപ്പിറ്റൽ പണിഷ്മെന്‍റ് നൽകണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ വയ്യാതായതോടെയാണ് വിഎസ് വേദിവിട്ടത്. ഏകനായി, ദുഃഖിതനായി, പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ വിഎസ് വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് ലേഖനത്തിൽ പറയുന്നത്.
'ഇങ്ങനെയൊക്കെയായിരുന്നു എന്‍റെ വിഎസ്' എന്ന തലക്കെട്ടോടെയാണ് ലേഖനം എത്തിയത്. ഇത് വീണ്ടും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഎസിന്‍റെ വിയോഗശേഷം ക്യാപ്പിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശം എടുത്തിട്ട പിരപ്പൻകോട് മുരളിയെ സിപിഎം നേതൃത്വം ശക്തമായി നേരിടുന്നതിനിടെയാണ് പുതിയ തുറന്നുപറച്ചിൽ.