
പൂയംകുട്ടി പുഴയിൽ വീണ്ടും കാട്ടാനകളുടെ ജഡം ഒഴുകിയെത്തി; ജഡത്തിന് രണ്ടാഴ്ചയിലേറെ പഴക്കം
കോതമംഗലം: പൂയംകുട്ടി പുഴയിൽ കണ്ഠൻപാറക്ക് സമീപം രണ്ട് കാട്ടാനകളുടെ ജഡം കൂടി കണ്ടെത്തി. ഒരു കൊമ്പന്‍റെയും ഒരു പിടിയുടെയും ജഡമാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ പുഴയിലൂടെ ഒഴുകിയെത്തിയത് എട്ട് ആനകളുടെ ജഡമാണ്. എന്നാൽ വനം അധികൃതരുടെ കണക്കിൽ ഏഴ് ആനകളുടെ ജഡം മാത്രമാണുള്ളത്.
പിണ്ടിമേട് ഭാഗത്ത് വെള്ളച്ചാട്ടത്തിന് മുകളിലെ ആനത്താര മുറിച്ചുകടക്കുമ്പോൾ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടതാണ് ഇവയെന്നാണ് വനം അധികൃതരുടെ നിഗമനം. ഒരുകൂട്ടം ആനകൾ വെള്ളച്ചാട്ടത്തിൽ പതിച്ച് ജീവൻ നഷ്ടപ്പെട്ടിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. മലയാറ്റൂർ ഡിവിഷനിലെ വനമേഖലയിൽ മാത്രം ഇതുവരെ 11 ആനകളുടെ ജഡമാണ് സമീപദിവസങ്ങളിൽ പുഴയിൽ പൊന്തിയത്. പൂയംകുട്ടിയിൽ എട്ടും, ഇടമലയാർ റെയ്ഞ്ചിൽ രണ്ടും, കാലടി അയ്യമ്പുഴ ഭാഗത്ത് തോട്ടിൽ ഒരാനയുടെയും ജഡമാണ് 15 ദിവസത്തിനുള്ളിൽ കണ്ടെത്തിയത്.
പൂയംകുട്ടി കണ്ടംപാറ ഭാഗത്ത് കൊമ്പന്‍റെയും പിടിയുടെയും ജഡം പുഴയിലെ പാറക്കെട്ടിൽ തങ്ങി നിൽക്കുന്ന രീതിയിലായിരുന്നു. പുഴയിലേക്ക് മറിഞ്ഞുകിടക്കുന്ന മരത്തിൽ തങ്ങിനിൽക്കുകയായിരുന്നു പിടിയാനയുടെ ജഡം. വൈകിട്ടോടെ പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ കൊമ്പന്‍റെ ജഡം ഒഴുകി പോയത് പിന്നീട് കരയ്ക്കടുപ്പിച്ചു.
രണ്ടിനും ഉദ്ദേശം പതിനഞ്ച് വയസ് തോന്നിക്കും. ജഡത്തിന് രണ്ടാഴ്ചയിലേറെ പഴക്കം കണക്കാക്കുന്നു. വനം അധികൃതരുടെ നേതൃത്വത്തിൽ വടം ഉപയോഗിച്ച് ജഡങ്ങൾ കരയ്ക്കടുപ്പിച്ച് ഇൻക്വസ്റ്റ് തയ്യാറാക്കി. ജഡം സംസ്ക്കരിച്ചു.