

കേരളത്തിന് എയിംസില്ലെന്ന് കേന്ദ്രം; ആരോഗ്യരംഗം മികച്ചതായത് അയോഗ്യതയല്ലെന്ന് ഹൈക്കോടതി, വിമർശനം
file image
കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യമെന്നും ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും അറിയിച്ച കേന്ദ്രം കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും വ്യക്തമാക്കി. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം.
വിഷയത്തിൽ കേന്ദ്രത്തിനെതിരേ ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന്‍റെ അയോഗ്യതയാണോ? എന്ന് ഹൈക്കോടതി ചോദിച്ചു. അങ്ങനെ എങ്കില്‍ എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ആരോഗ്യരംഗത്ത് മികച്ച് നില്‍ക്കുന്നു എന്ന് കരുതി കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അർഥമാക്കരുത്. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി 6 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.