ചരിത്രത്തിലേക്കു ചിറക് വിരിക്കാൻ എയർ കേരള; ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച

എയർ കേരളയുടെ ആദ്യവിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് നടത്തുക
Air Kerala spreads its wings: Corporate office inauguration in Aluva on the 15th, first service from Kochi in June

എയര്‍ കേരള ചിറകുകൾ വിരിക്കുന്നു: കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​ ആലുവയിൽ, ആദ്യ സർവീസ് ജൂണിൽ കൊച്ചിയിൽ നിന്ന്

Updated on

നെടുമ്പാശേരി: ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി കേരളം ആസ്ഥാനമായ എയർലൈൻ കമ്പനി 'എയർ കേരള'. കേരളത്തിൽ നിന്ന് ആദ്യ വിമാന സർവീസ് ആരംഭിക്കാൻ തയാറെടുക്കുന്ന എയർ കേരളയുടെ കോർപ്പറേറ്റ് ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച നടത്തും.

ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപ്പറേറ്റ് ഓഫിസിന്‍റെ ഉദ്ഘാടനം വൈകിട്ട് 5.30ന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ വിശാലമായ ഓഫിസ് സമുച്ചയം ആലുവ മെട്രൊ സ്റ്റേഷനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഒരേസമയം ഇരുനൂറിൽപ്പരം വ്യോമയാന വിദഗ്ദർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫിസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എയർ കേരള മാനെജ്മെന്‍റ് അറിയിച്ചു.

ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്‌ട്ര സർവീസിനും തുടക്കമിടും. എയർ കേരളയുടെ ആദ്യവിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട അറിയിച്ചു.

ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രൊ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.

ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ, എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, മുൻ വിദേശകാര്യ സഹമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ വി. മുരളീധരൻ, എയർ കേരള സാരഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com