കോളും പോണില്ല, നെറ്റും ഇല്ല...!! ഉപയോക്താക്കളെ വലച്ച് എയർടെൽ
പ്രമുഖ ടെലിഫോൺ നെറ്റ് വർക്കായ എയർടെൽ പണിമുടക്കിയത് മൂലം വലഞ്ഞ് കോടിക്കണക്കിന് ഉപയോക്താക്കൾ. കോൾ ചെയ്യാനും ഇന്‍റർനെറ്റ് ഉപയോഗിക്കാനുമടക്കം ചൊവ്വാഴ്ച കേരളത്തിലും തമിഴ്നാട്ടിലും തടസം നേരിട്ടിരുന്നു. വൈകുന്നേരം 7:00 മണി മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് വ്യാപകമായി എയർടെൽ നെറ്റ്‌വര്‍ക്കിന്‍റെ സേവനം തടസപ്പെട്ടത്. രാത്രി 8:30 ഓടെ, ഡൗൺ ഡിറ്റക്ടർ പോലുള്ള ഔട്ടേജ്-ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിൽ 8,400-ലധികം പരാതികളാണ് രജിസ്റ്റർ ചെയ്തത്.
എയർടെൽ തങ്ങളുടെ നെറ്റ്‌വര്‍ക്ക് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇത് സംഭവിച്ചതെന്നും സാങ്കേതിക പ്രശ്‌നം നേരിടുന്നതായി എയർടെൽ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
അതേസമയം, കേരളവും തമിഴ്‌നാടുമായി ബന്ധപ്പെട്ട കോർ നെറ്റ്‌വർക്കുകളിൽ എന്തെങ്കിലും പ്രശ്നം സംഭവിച്ചതാകാം എയർടെൽ സേവനങ്ങൾ തടസപ്പെടാൻ കാരണം എന്നാണ് വിദഗ്ധർ പറയുന്നത്.