ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

''പല തവണ അപ്പീല്‍ പോയെങ്കിലും എന്ത് വിലകൊടുത്തും പൊലീസിന്‍റെ അധികാരം ഉപയോഗിച്ച് അവിടെ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു''
ak antony sivagiri muthanga police action

എ.കെ. ആന്‍റണി

Updated on

തിരുവനന്തപുരം: ശിവഗിരിയിലും മുത്തങ്ങയിലും നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അന്നത്തെ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്‍റണി രംഗത്ത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ കാര്യം ശിവഗിരിയില്‍ പൊലീസിനെ അയച്ച സംഭവമായിരുന്നുവെന്ന് ആന്‍റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

1995-ല്‍ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു അത്. അവിടെ ഉണ്ടായ സംഭവങ്ങള്‍ പലതും നിര്‍ഭാഗ്യകരമായിരുന്നു. ശിവഗിരിയില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരക്കൈമാറ്റം നടത്തണമെന്നും അത് പൊലീസിന്‍റെ ചുമതലയാണെന്നുമുള്ള ഹൈക്കോടതി നിര്‍ദേശം വന്നപ്പോഴാണ് അങ്ങനെയൊരു സംഭവം ഉണ്ടായത്.

മത്സരമുണ്ടാകുമ്പോള്‍ തോറ്റ വിഭാഗക്കാര്‍ ജയിച്ച വിഭാഗക്കാര്‍ക്ക് അധികാരം കൈമാറുന്നതായിരുന്നു ശിവഗിരിയില്‍ കാലാകാലങ്ങളായി നടന്നത്. എന്നാല്‍ 95 ല്‍ മാത്രം അത് നടന്നില്ല. തോറ്റ വിഭാഗക്കാര്‍ പറഞ്ഞ ന്യായം സ്വാമി പ്രകാശാനന്ദയ്ക്കും കൂട്ടര്‍ക്കും ഭരണം കൈമാറിയാല്‍ മതാതീത ആത്മീതയുടെ കേന്ദ്രമായ ശിവഗിരി കാവിവത്കരിക്കപ്പെടും എന്നതായിരുന്നു. എന്നാല്‍ പ്രകാശാനന്ദയും കൂട്ടരും ആദ്യം കീഴ്‌ക്കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി ജയിച്ചവര്‍ക്ക് അനുകൂലമായി വിധിയെഴുതി. ഇത് സംഘര്‍ഷത്തിന് സാധ്യതയുണ്ടാവുമെന്ന സാഹചര്യം ഉണ്ടായി. കേസ് ഹൈക്കോടതിയില്‍ എത്തി. ഇതോടെ പ്രകാശാനന്തയ്ക്കും കൂട്ടര്‍ക്കും അധികാരം കൈമാറിയേ പറ്റൂവെന്ന കര്‍ശന നിര്‍ദേശവും ഹൈക്കോടതി നല്‍കി. വിധി നടപ്പിലാക്കാന്‍ പൊലീസിന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

പല തവണ അപ്പീല്‍ പോയെങ്കിലും എന്ത് വിലകൊടുത്തും പൊലീസിന്‍റെ അധികാരം ഉപയോഗിച്ച് അവിടെ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് അവിടെ സംഭവിച്ചത്. ഞാന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം ഇ.കെ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് ശിവഗിരി സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വെച്ചു. ജി.ബാലകൃഷണന്‍ കമ്മീഷന്‍റെ ഈ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.മുത്തങ്ങയിലെ സംഭവവും സമാനമായിരുന്നു. ഇതെക്കുറിച്ചും പൊലീസ് നടപടിയെ കുറിച്ചു ആദിവാസി സമരത്തെ കുറിച്ചും സി.ബി.ഐ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും പരസ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ റിപ്പോര്‍ട്ടും ഈ സര്‍ക്കാരിന്‍റെ കയ്യിലുണ്ട്. എന്നിട്ട് ആരെയാണ് ആ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതെന്ന് വ്യക്തമാക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

മുത്തങ്ങയില്‍ കയറിയ ആദിവാസികളെ ഇറക്കിവിടണമെന്ന് പല തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്ന് ആവശ്യപ്പെട്ടിരുന്നു. ഈ കയ്യേറ്റം അനുവദിക്കാന്‍ പാടില്ലെന്ന താക്കീത് പോലും സര്‍ക്കാരിന് നല്‍കിയ ശേഷമാണ് അന്ന് പൊലീസ് ഇടപെടലുണ്ടായത്. ഇതെല്ലാം സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അതും പ്രസിദ്ധീകരിക്കണം. എന്താണ് സത്യമെന്ന് ആ റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ, പഴി കേട്ടത് ഞാന്‍ മാത്രമാണ്. ഞങ്ങള്‍ ആദിവാസികളെ ചുട്ടുകൊന്നു എന്നാണ് അന്ന് ഇടതുപക്ഷവും മാധ്യമങ്ങളും ആരോപിച്ചത്. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് ഞങ്ങളാണ്. ഞാന്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറിയശേഷം ഏതെങ്കിലും ഒരു സംഘടന മുത്തങ്ങയില്‍ കുടില്‍ കെട്ടി സമരം നടത്തിയിട്ടുണ്ടോ? ഇല്ല എന്നതാണ് സത്യം. പക്ഷേ, 21 വര്‍ഷത്തിനിപ്പുറം പിന്നെയും പിന്നേയും തന്നെ അധിക്ഷേപിക്കുകയാണ്. മാറാട് കാലത്തെ സംഭവത്തെ കുറിച്ചും സിബിഐ റിപ്പോര്‍ട്ടുണ്ട്. അതും പുറത്തുവിടണമെന്നാണ് തന്‍റെ ആവശ്യമെന്നും ആന്‍റണി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ താൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വാർത്താസമ്മേളനം വിളിച്ച് പറയാനിരുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭയിലടക്കം വിമർശനമുണ്ടായതോടെ പറയുകയാണെന്നും ആന്‍റണി കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com