
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശിൻ്റെ 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
മന്ത്രി എംബി രാജേഷിൻ്റെ ഡ്രൈവര്‍ അനൂപിൻ്റെ ഭാര്യ ശ്രീലക്ഷ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ആകാശിന് മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആകാശ് കോടതിയിലെത്തി കീഴടങ്ങിയത്.
പിജെ ആർമ്മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. ഇവർ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ നേരത്തെ സിപിഎം രംഗത്ത് വന്നിരുന്നു. എന്നാൽ ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയതാണെന്നുമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ മറുപടി.