

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; കേസ് ഡയറി
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻ സന്ദീപിനെ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു. മർദിച്ചത് മനഃപൂർവമല്ലെന്നും ഔദ‍്യോഗിക കൃത‍്യനിർവഹണമാണ് ചെയ്തതെന്നുമാണ് വിശദീകരണം.
തങ്ങൾ തടയാത്ത പക്ഷം മുഖ‍്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെടുമായിരുന്നുവെന്നും ലോക്കൽ പൊലീസ് വെറുതെ നിൽക്കുന്നത് കൊണ്ടാണ് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയതെന്നും സന്ദീപ് മൊഴി നൽകി.
കേസിൽ രണ്ടാം പ്രതിയാണ് സുരക്ഷാ ഉദ‍്യോഗസ്ഥനായ സന്ദീപ്. പ്രതിഷേധക്കാർ പിന്മാറാത്തതുകൊണ്ടാണ് ലാത്തി പ്രയോഗിക്കേണ്ടി വന്നതെന്നും സന്ദീപിന്‍റെ മൊഴിയിൽ പറയുന്നു. അതേസമയം, ലാത്തി എവിടെ നിന്ന് സംഘടിപ്പിച്ചുവെന്ന ചോദ‍്യത്തിന് സന്ദീപ് മറുപടി നൽകിയില്ല.