ആലപ്പുഴ മെഡിക്കല്‍ കോളെജിന് എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകില്ല: വീണാ ജോര്‍ജ്

ഈ വര്‍ഷം തന്നെ 175 എംബിബിഎസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
Alappuzha medical college
Alappuzha medical college

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളെജിന് എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകില്ലെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം തന്നെ 175 എംബിബിഎസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഓള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍എംസി സീറ്റ് മെട്രിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2023 ഫെബ്രുവരി മാസത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ എന്‍എംസി. ഇന്‍സ്പെക്ഷന്‍ നടത്തിയത്. അന്ന് ചൂണ്ടിക്കാണിച്ച ചില തസ്തികകള്‍, പഞ്ചിംഗ് മെഷീന്‍, സിസിടിവി ക്യാമറ തുടങ്ങിയവയുടെ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അപ്പോള്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 3ന് കംപ്ലെയിന്‍സ് റിപ്പോര്‍ട്ടും ജൂലൈ 10ന് പഞ്ചിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള കുറവുകള്‍ പരിഹരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും എന്‍എംസിയ്ക്ക് മെഡിക്കല്‍ കോളെജ് സമര്‍പ്പിച്ചിരുന്നു.

കോളെജിൽ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് നല്‍കിയ പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന്‍റെ പരിഗണനയിലാണ്. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളില്‍ അഡ്മിഷന്‍ നടത്തുന്നത്. അതിനാല്‍ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കോന്നി, ഇടുക്കി മെഡിക്കല്‍ കോളെജുകളിലും ഈ വര്‍ഷത്തെ 100 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എന്‍എംസി അംഗീകാരം നല്‍കിയിട്ടുണ്ട്. പിജി സീറ്റുകള്‍ നിലനിര്‍ത്താനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com