
തങ്കച്ചൻ
വയനാട്: വീട്ടിലെ കാർ പോർച്ചിൽ നിന്നും മദ‍്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചയാൾ നിരപരാധിയെന്ന് കണ്ടെത്തൽ. വയനാട്ടിലെ പുൽപള്ളിയിലായിരുന്നു സംഭവം നടന്നത്.
പെരിക്കല്ലൂർ സ്വദേശി തങ്കച്ചനെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 20 പാക്കറ്റ് കർണാടക മദ‍്യവും 15 തോട്ടയും തങ്കച്ചന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
17 ദിവസം തങ്കച്ചൻ ജയിലിൽ കഴിഞ്ഞു. മദ‍്യം വാങ്ങിയ പ്രസാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂലമാണ് തങ്കച്ചനെ കേസിൽ കുടുക്കിയതെന്നാണ് കുടുംബം പറയുന്നത്.
തങ്കച്ചനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കള്ളക്കേസാണെന്ന് കുടുംബം പറഞ്ഞിരുന്നുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുകയും തങ്കച്ചനെ വൈത്തിരി സബ്ജയിലിലേക്ക് മാറ്റുകയുമായിരുന്നു. തങ്കച്ചന്‍റെ നിരപരാധിത്വം അന്വേഷണത്തിൽ തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ വിട്ടയക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതായി പൊലീസ് പറഞ്ഞു.