

ആലിൻ ഷെറിൻ എബ്രഹാം
മലയാളികൾ ആലിൻ ഷെറിനെ എങ്ങനെ മറക്കാനാണ്. ഇനി കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് കൂട്ടായി ആലിന്‍റെ നിറഞ്ഞ ചിരിയുമുണ്ടാകും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍റെ പേരിൽ നോട്ട് ബുക്കുകൾ ഇറക്കി സപ്ലൈകോ. ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ചൊവ്വാഴ്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.
മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകുന്ന ചടങ്ങിൽ ആലിനിൻറെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും. ടി.ജെ. വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി.എം., ജനറൽ മാനേജർ എം. യു. ബിജു തുടങ്ങിയവർ പങ്കെടുക്കും. നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ച തേവര സേക്രഡ് ഹാർട്ട് കോളെജിലെ വിദ്യാർഥികളെയും യോഗത്തിൽ അനുമോദിക്കും.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ- ഷെറിൻ ദമ്പതിമാരുടെ പൊന്നോമനയായ ആലിൻ ഷെറിൻ എബ്രഹാം വാഹനാപകടത്തിലാണ് മരിച്ചത്. ജീവൻ വെടിയുമ്പോൾ 10 മാസം മാത്രമായിരുന്നു കുഞ്ഞിന്‍റെ പ്രായം. കുഞ്ഞിന്‍റെ ഹൃദയ വാൽവ്, കരൾ, വൃക്ക, കണ്ണുകൾ എന്നിവ മാതാപിതാക്കൾ ദാനം ചെയ്യുകയായിരുന്നു. നാല് പേർക്കാണ് ഇത് പുതുജീവനേകിയത്.