എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

ജീവനക്കാർ മദ്യ ബ്രാൻഡുകൾ പൂഴ്ത്തുന്നതായി പരാതി ഉയർന്നതോടെയാണ് ബിവ്റെജസ് കോർപ്പറേഷൻ സർക്കുലർ ഇറക്കിയത്
Bevco insists that all brands be displayed.

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണമെന്ന് ബെവ്കോ

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവ്റെജസ് ഷോപ്പുകളിൽ ജീവനക്കാർ മദ്യ ബ്രാൻഡുകൾ പൂഴ്ത്തുന്നതായി പരാതി ഉയർന്നതോടെ സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ. വിൽപ്പനയ്ക്കുള്ള എല്ലാ മദ്യ ഇനങ്ങളുടെയും ഒരു ബോട്ടിലെങ്കിലും ഉപഭോക്താക്കൾക്ക് കാണത്തക്ക വിധം ഡിസ്പ്ലെ റാക്കുകളിൽ ‌വയ്ക്കണം. ഫ്രീസറുകളിൽ കൃത്യമായ ഇടവേളകളിൽ ബിയർ ബോട്ടിലുകൾ നിറച്ചു വയ്ക്കണമെന്നും സർക്കുലറിൽ ബെവ്കോ നിർദേശിച്ചു.

ഓണക്കാലത്ത് മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി വെയർഹൗസുകളിലും ചില്ലറ വിൽപ്പനശാലകളിലും മറ്റ് മുന്നൊരുക്കങ്ങളും ഏർപ്പെടുത്തി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മദ്യംതന്നെ നൽകണം. ഒരു വിൽപ്പനശാലയിലും സ്റ്റോക്കില്ലാത്ത സ്ഥിതിയുണ്ടാകരുത്. ഏതെങ്കിലും മദ്യവിതരണക്കാരെയോ പ്രത്യേക ഇനം മദ്യത്തെയോ പ്രോത്സാഹിപ്പിക്കാൻ പാടില്ല. വിലകുറഞ്ഞ മദ്യഇനങ്ങൾ എല്ലാ വെയർഹൗസുകളിലും ചില്ലറ വിൽപ്പനശാലകളിലും ലഭ്യമാണെന്ന് റീജിയണൽ മാനെജർമാരും ഷോപ്പ് ഇൻചാർജുമാരും ഉറപ്പുവരുത്തണം.ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പരമാവധി ശ്രമിക്കണം.

സ്വൈപ്പിങ് മെഷീൻ, യുപിഐ പേയ്‌മെന്‍റ് സംവിധാനം എന്നിവ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കണം. ചില്ലറ വിൽപ്പനശാലകളിലെ എല്ലാ ജീവനക്കാരും ഓണം നാളുകളിൽ എല്ലാ ദിവസവും ജോലിക്ക് ഹാജരാകണം. ജോലിക്ക് എത്താൻ കഴിയാത്തവർ വെയർഹൗസ് മാനെജരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ചില്ലറ വിൽപ്പനശാലകളിലെ മുഴുവൻ ജീവനക്കാരും ഈ ദിവസങ്ങളിൽ മുഴുവൻ സമയവും ഷോപ്പുകളിൽ തന്നെ ഉണ്ടാവണമെന്നും സർക്കുലർ നിർദേശിക്കുന്നു.

logo
Metro Vaartha
www.metrovaartha.com