ജനങ്ങളില്‍ നിന്നും പാർട്ടിയെ അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകും: എം.വി. ഗോവിന്ദൻ

എസ്‌എഫ്‌ഐക്ക് പൂർണ പിന്തുണ
all styles of the party will be changed says pm state secretary mv govindan
എം.വി. ഗോവിന്ദൻfile

തിരുവനന്തപുരം: പാർട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. തെറ്റുതിരുത്തലിനുള്ള മാർഗരേഖ സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. സംസ്ഥാന ഘടകത്തെ വിമർശിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.

ശൈലിയിൽ തിരുത്തൽ വരുത്തുമെന്നതിന്‍റെ അർഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ല. അദ്ദേഹത്തിന്‍റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതാണ്. തെറ്റായ വാർത്ത ഉത്പാദിപ്പിച്ച് പ്രചരിപ്പിക്കുകയാണ് ചെയ്തത്. സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ തന്നെയാണ് കേന്ദ്രക്കമ്മിറ്റി റിപ്പോർട്ടിലുള്ളത്. തെറ്റായ പ്രചാരണ വേല ജനങ്ങള്‍ തള്ളും. ഇ.പി ജയരാജന്‍റെ പേര് പറഞ്ഞ് കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വിമർശനമുണ്ടായെന്ന വാർത്തയും തെറ്റാണ്. ഇതിനെതിരെ ജയരാജൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ജയരാജൻ ചർച്ചയിൽ പോലും പങ്കെടുത്തിരുന്നില്ല എന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. സ്വര്‍ണ്ണം പൊട്ടിക്കല്‍ പോലെയുള്ള ഒരു ക്രിമിനൽ ആക്റ്റിവിറ്റിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല. അത്തരം തെറ്റായ പ്രവണതകളെ അംഗീകരിക്കില്ല. സ്വര്‍ണം പൊട്ടിക്കലിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സിപിഎമ്മിനില്ല. ഇതില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി മുന്‍കയ്യെടുത്താണ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ചത്. പി. ജയരാജൻ തെറ്റുകാരനല്ല. കറക്ഷന് മുന്നിൽ നിന്ന് നയിക്കുന്ന നേതാവാണ് പി. ജയരാജനെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

എസ്എഫ്ഐയെ കൂട്ടമായി ആക്രമിക്കുകയാണ്. ഇപ്പോഴത്തെ വിവാദങ്ങളില്‍ എസ്‌എഫ്‌ഐക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നു എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സംസ്ഥാനത്തെ ഏതെങ്കിലും ഒരു കോളജിലെ ചില സംഭവങ്ങൾ കേരളത്തിലാകെയുള്ള സംഘടനാ ശൈലിയായി പർവതീകരിക്കാനാണ് ചിലരൊക്കെ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ പ്രചാരവേല മാത്രമാണിതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.എസ്‌എഫ്‌ഐയെ തകർക്കാൻ ചില മാധ്യമങ്ങള്‍ അവരുടെ എഡിറ്റോറിയല്‍ ലേഖനങ്ങള്‍ വരെ ഉപയോഗിക്കുന്നുവെന്നും ഏകപക്ഷീയമായ അഭിപ്രായ പ്രകടനങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. സിപിഐയുടെ അഭിപ്രായം ബിനോയ് വിശ്വത്തിന്‍റെ കാഴ്ചപ്പാടാണ്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ മുന്നേറ്റം തടയാനുള്ള പ്രചാരണവേലകളാണ് നടക്കുന്നത്. എസ്‌എഫ്‌ഐയുടെ തെറ്റുകളെ ന്യായീകരിക്കുന്നില്ല. തെറ്റ് തിരുത്തി അവർ മുന്നോട്ടു പോകുമെന്നും എസ്‌എഫ്‌ഐയെ പിന്തുണച്ചുകൊണ്ട് പാർട്ടി സെക്രട്ടറി വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവർത്തനം" പ്രയോഗം ശരിയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിനെ ഒരു കൂടോത്രവും ബാധിക്കില്ലെന്നും കോൺഗ്രസിലെ കൂടോത്ര വിവാദം ശുദ്ധഅസംബന്ധമെന്നും ഗോവിന്ദൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.