ഗുരുവായൂർ ക്ഷേത്രത്തിലെ ലേലത്തിൽ അഴിമതിയെന്ന് ‌ആരോപണം; 76 കിലോ തേനിന് കിട്ടിയത് വെറും 4,100 രൂപ

കുന്നിക്കുരു ലേലത്തിന് പിന്നിലെ അഴിമതി നേരത്തെ വിവാദമായിരുന്നു.

Allegations of corruption in Guruvayur temple auction; 76 kg of honey fetched just Rs 4,100

ഗുരുവായൂർ ക്ഷേത്രത്തിലെ ലേലത്തിൽ അഴിമതിയെന്ന് ‌ആരോപണം; 76 കിലോ തേനിന് കിട്ടിയത് വെറും 4,100 രൂപ

file
Updated on

കൊച്ചി: ഗുരുവായൂരിൽ സമർപ്പണമായി കിട്ടുന്ന ദ്രവ്യങ്ങളുടെയും തുലാഭാര വസ്തുക്കളുടെയും ലേലത്തിൽ വൻ അഴിമതിയെന്ന് ആരോപണം. കുന്നിക്കുരു ലേലത്തിന് പിന്നിലെ അഴിമതി നേരത്തെ വിവാദമായിരുന്നു. വില താഴ്ത്തി ലേലം പിടിക്കുന്നത് ഗുരുവായൂരിൽ ചിലർക്ക് മാത്രം കഴിയുന്ന "അത്ഭുത" പ്രവൃത്തിയാണെന്ന് ഭക്തർ പരിഹസിക്കുന്നു. നേരത്തെ, ക്ഷേത്രത്തിലേക്ക് തുലാഭാര സാധനങ്ങൾ വിതരണം ചെയ്യുന്ന ഒരു വ്യക്തി ക്ഷേത്രത്തിൽ നിന്നും കശുവണ്ടിപ്പരിപ്പ് മോഷ്ടിച്ചത് പിടിക്കപ്പെട്ടതോടെ ദേവസ്വത്തിന്‍റെ കരിമ്പട്ടികയിൽ പെട്ടിരുന്നു. എന്നാൽ പിന്നീട് ഇയാളെ കരിമ്പട്ടികയിൽ നിന്നും നീക്കം ചെയ്തതായും ആരോപണമുണ്ട്. നിയമപ്രശ്നം ഒഴിവാക്കാൻ ബിനാമി പേരിൽ ആയിരുന്നു ഇയാൾ പിന്നീട്‌ സാധനങ്ങൾ വിതരണം ചെയ്തുകൊണ്ടിരുന്നത്.

സപ്ലൈ ചെയ്യുന്ന സാധനങ്ങൾ ഉപയോഗശേഷം ദേവസ്വം ലേലത്തിൽ വയ്ക്കുമ്പോൾ, ഇയാൾ തന്നെ അത് അത് ലേലം പിടിക്കും. തേൻ ആണ് ഇയാളുടെ ഇഷ്ട ദ്രവ്യം. തുലാഭാരത്തിനെത്തുന്ന ഭക്തരിൽ നിന്നും ഒരു കിലോയ്ക്ക് 350 - 400 രൂപ നിരക്കിലാണ് ദേവസ്വം പണം ഈടാക്കുന്നത്. ശരാശരി മുപ്പതിനായിരം രൂപയാണ് ഒരു തുലാഭാരത്തിൽ നിന്നുള്ള രസീത് വരുമാനം. തുലാഭാരത്തിന് ശേഷം ഈ തേൻ ലേലത്തിന് വയ്ക്കും.

കിലോക്ക് 50 - 60 രൂപയ്ക്ക് നിരക്കിൽ ഇയാൾ തന്നെ ലേലം കൊള്ളും. ഗുണനിലവാരമില്ലാത്ത ശർക്കരയും കൂട്ടുകളും ചേർത്തുണ്ടാക്കുന്ന തേനായതിനാൽ ഇതിനു മറ്റ് ആവശ്യക്കാരും ഉണ്ടാകാറില്ല. കരിഓയിലിൻ്റെ നിറമാണ് തേനിനെന്ന് പല ഭക്തരും പരാതി പറഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കൽ എപ്പോഴും 10 - 15 ക്യാനുകളിലും ബാരലിലുമായി ഈ "സവിശേഷ തേൻ" ശേഖരമുണ്ടെന്ന് ഗുരുവായൂർ ക്ഷേത്ര വളപ്പിലെ വ്യാപാരികൾ പറയുന്നു.

തേനാണ് തുലാഭാര ദ്രവ്യം എന്നറിയുമ്പോൾ തന്നെ ദേവസ്വത്തിലെ വേണ്ടപ്പെട്ടവർ ഇയാളെ അറിയിക്കുകയും ഇയാൾ സാധനം സപ്ലൈ ചെയ്യുകയും ചെയ്യുന്നതാണ് പതിവ് രീതി. തുലാഭാരം കഴിഞ്ഞ് ഇത് ലേലത്തിൽ വെയ്ക്കുമ്പോൾ ഇയാൾ തന്നെ കുറഞ്ഞ വിലയ്ക്ക് ഇത് ലേലം കൊള്ളും. തേനിന്‍റെ ഗുണനിലവാരം അറിയാവുന്നതു കൊണ്ട്, മറ്റാരും തേനിന്‍റെ അടിസ്ഥാന വിലയായ 300 മുതൽ ലേലം വിളിക്കാൻ തയ്യാറാവുകയുമില്ല.

76 കിലോ തേൻ തുലാഭാരം നടന്നതിന് ശേഷം അത് ലേലത്തിന് വച്ചപ്പോൾ കേവലം 4,100 രൂപയ്ക്കാണ് ഇയാൾ ലേലം കൊണ്ടത്. അതായത്, ഒരു കിലോ തേനിന് 54 രൂപ തികച്ച് ലഭിച്ചില്ല. ഏതാനും ദിവസം കഴിഞ്ഞ് 45 കിലോ തുലാഭാരം നടന്നപ്പോൾ നേരത്തെ ലേലം കൊണ്ട അതേ തേൻ പാത്രം പോലും മാറാതെ വീണ്ടും എത്തിച്ചതായി സ്‌ഥിരമായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തരും വ്യാപാരികളും പറയുന്നു. 18 വർഷമായി ഒരേ പാത്രമാണെന്നും ഇവർ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com