യൂഡിഎഫും സ്ഥാനാർഥി ഫ്രാൻസിസ് ജോർജും കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്
യൂഡിഎഫും സ്ഥാനാർഥി ഫ്രാൻസിസ് ജോർജും കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്

മൗറീഷ്യസിൽ കോടികളുടെ നിക്ഷേപമുണ്ടന്ന ആരോപണം; നിയമനടപടി സ്വീകരിച്ച് ഫ്രാൻസിസ് ജോർജും, യുഡിഎഫും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മകന് ഈ അക്കൗണ്ട് ഉണ്ടായിരിക്കുന്നതിനാൽ സത്യവാങ്മൂലത്തിൽ അത് കാണിച്ചിരുന്നു

കോട്ടയം: ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിന്റെ മകന് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി യുഡിഎഫ് നേതൃത്വം. സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ മകന് അക്കൗണ്ട് ഉണ്ടെന്നും, അവിടെ വലിയ തോതിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നുമുള്ള ആരോപണത്തിനെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്.

താനോ മകനോ ഇതുവരെ മൗറീഷ്യസിൽ പോയിട്ടില്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൗറീഷ്യസ് ബാങ്ക്, കൊവിഡ് കാലത്ത് മകന് ഒരു സീറോ ബാലൻസ് അക്കൗണ്ട് തുറന്നു നൽകിയിരുന്നു. ഈ അക്കൗണ്ട് വഴി ഒരു രൂപ പോലും നിക്ഷേപിക്കുകയോ, സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല കെ.വൈ.സി നൽകാത്തതുമൂലം ഈ അക്കൗണ്ട്, തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കും മുമ്പ് ബാങ്കുകാർ തന്നെ ക്ലോസ് ചെയ്യുകയും ചെയ്തുവെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മകന് ഈ അക്കൗണ്ട് ഉണ്ടായിരിക്കുന്നതിനാൽ സത്യവാങ്മൂലത്തിൽ അത് കാണിച്ചിരുന്നു. എന്നാൽ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ സത്യവാങ്മൂലം നൽകിയ വേളയിൽ മകൻറെ ഈ അക്കൗണ്ട് ബാങ്ക് അധികൃതർ തന്നെ ക്ലോസ് ചെയ്തതിനാൽ അത് ചേർക്കേണ്ടിയും വന്നില്ല. മകന്റെ പേര് പറഞ്ഞ് സ്ഥാനാർഥിയായ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചത് തീർത്തും തെറ്റാണ്. ഇങ്ങനൊരു വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യവാങ്മൂലത്തിൽ സ്ഥലത്തിന്റെ വാല്യുവേഷൻ കുറച്ചു എന്ന തരത്തിൽ വരുന്ന ആരോപണങ്ങൾ സർക്കാരിൻ്റെ ഏത് ഏജൻസിക്കു വേണമെങ്കിലും അന്വേഷിക്കാമെന്നും ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ കൊണ്ട് ജനങ്ങളുടെ മനസ് മാറ്റാമെന്ന് ആരും കരുതേണ്ടയെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി സെക്രട്ടറി പി.എ സലിം എന്നിവർ ഫ്രാൻസിസ് ജോർജിനൊപ്പം കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com