
അലോഷ്യസ് സേവ‍്യർ
കൊച്ചി: ഉമ തോമസ് എംഎൽഎക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ‍്യസ് സേവ‍്യർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അലോഷ‍്യസ് സേവ‍്യർ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സിപിഎമ്മും ആർഎസ്എസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അലോഷ‍്യസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
“ഫേക്ക് കോൺഗ്രസ് ടാഗ്” പൊളിറ്റിക്കൽ ടൂൾ ആയി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇടതുപക്ഷ-സംഘപരിവാർ അജൻഡകളുള്ള സ്വന്തം വ്യകതിത്വത്തെ പോലും വെളിപ്പെടുത്താൻ കഴിയാത്തത്രയും വികൃതവും മലീമസവുമായ മനസിന് ഉടമയായ നിങ്ങൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് മനുഷ്യത്വത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്ന അത്യന്ത്യം ഹീനമായ പ്രവർത്തനമാണ്.
ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് മുതലെടുത്ത് “ഞങ്ങൾ കോൺഗ്രസുകാർ”എന്ന രീതിയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം - ആർഎസ്എസ് ഏജന്‍റുമാരായ കള്ളനാണയങ്ങളെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഉമാതോമസ് എന്ന് പറയുന്ന മഹാരാജാസിലെ ആ പഴയ കെഎസ്‌യുക്കാരി തന്‍റെ പൊതുജീവിതം ആരംഭിച്ചത് പ്രതിസന്ധികാലത്ത് കെഎസ്‌യുവിന്‍റെ കൊടി പിടിച്ചാണ്. അവിടെനിന്ന് തന്നെയാണ് അവർ പിടിയുടെ സഹയാത്രികയാകുന്നതും. പിന്നെ പതിയെ കുടുംബ ജീവിതത്തിലേക്ക് അവർ പറ്റേ മാറുകയും
പിന്നീട് പിടിയുടെ അകാല വിയോഗത്തിന് ശേഷം പാർട്ടിയും മുന്നണിയും ഏൽപ്പിച്ച ആ ദൗത്യം സധൈര്യം ഏറ്റെടുത്ത് വീണ്ടുമൊരു പ്രതിസന്ധികാലത്ത് തന്‍റെ വ്യക്തി ജീവിതം വിട്ട് പൊതുജീവിതത്തിലേക്ക് കടന്ന് വരുകയും ചെയ്തൊരാളാണ്. അവർ എന്തെങ്കിലും പറഞ്ഞു എന്നതിന്‍റെ പേരിൽ അവരെ വളഞ്ഞിട്ട് ആക്രമിക്കാൻ സൈബർ ഇടങ്ങളിലെ മുഖമില്ലാത്ത ഗുണ്ടകൾ ശ്രമിക്കുന്നതിനെ ഗൗരവകരമായി തന്നെ കാണണം.
നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിച്ച് മുന്നോട്ട് പോകണം. ആരെയും എന്തും പറയാം എന്നതിന്‍റെ ലൈസൻസ് ആർക്കും ഒരുഘട്ടത്തിലും ഒന്നിന്‍റെ പേരിലും നൽകിയില്ല എന്ന ബോധ്യം ഈ അവസരത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഈ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുക എന്നത് പൊതുസമൂഹത്തെ മുൻനിർത്തി സംഘടനയുടെ ബാധ്യതയാണ്.അത് നിർവഹിക്കപ്പെടുക തന്നെ ചെയ്യും.'' അലോഷ്യസ് സേവ്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ എത്രയും വേഗം രാജി വയ്ക്കണമെന്നായിരുന്നു ഉമ തോമസ് പറഞ്ഞത്. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് എന്ന വാട്സാപ്പ് ഗ്രൂപ്പിലും ഉമ തോമസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലുമായിരുന്നു സൈബർ ആക്രമണം ഉണ്ടായത്.