
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് കുടുംബം. തട്ടിയെടുത്ത തുക തിരികെ നൽകിയതിനെ തുടർന്നാണ് പരാതിയുമായി മുന്നോട്ടില്ലെന്ന് കുടുംബം അറിയിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് പണം തട്ടിയെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ് മുനീർ 1,20,000 രൂപയാണ് കബളിപ്പിച്ച് കൈക്കലാക്കിയത്. സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നൽകിയിരുന്നു. ഒപ്പം ബാക്കി തുക ഡിസംബർ 20 നകം തിരികെ നൽകാമെന്ന് വെള്ളപേപ്പറിലെഴുതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ബാക്കി തുക 50000 രൂപയും തിരികെ നൽകിയിരിക്കുകയാണ് മുനീർ. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടില്ലെന്ന് കുടുംബം അറിയിച്ചത്.
ജീർണിച്ച വീട്ടിൽ കിടന്നിരുന്ന പെൺകുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നൽകിയത് അൻവർ സാദത്ത് എംഎൽഎയായിരുന്നു. വാടക വീടിന് നൽകിയ അഡ്വാൻസ് തുകയിൽ നിന്നും ഇയാൾ പണം തട്ടിയിരുന്നു. തട്ടിപ്പ് മനസിലായതോടെ എംഎൽഎയടക്കം കുടുംബത്തിന് പിന്തുണയായി രംഗത്തെത്തിയിരുന്നു.