'ശിശു ദിനത്തിൽ നീതി': ആലുവ കൊലപാതകത്തിൽ അസഫാക് ആലമിന് വധശിക്ഷ

പോക്സോ നിയമം നടപ്പായതിന്‍റെ പതിനൊന്നാം വാർഷികത്തിലാണ് ഈ നിയമത്തിനു കീഴിൽ വിചാരണ ചെയ്യപ്പെട്ട കേസിൽ ആദ്യമായി വധശിക്ഷ വിധിക്കുന്നത്
Asafak Alam
Asafak Alam

ആലുവ: ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലമിന് (28) വധ ശിക്ഷ. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍, സംഭവം നടന്ന് 110-ാം ദിവസമാണു ശിക്ഷ വിധിക്കുന്നത്. പോക്സോ കേസിൽ ആദ്യമായാണ് വധശിക്ഷ. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍റേതാണ് വിധി.

തൂക്കുകയറിനൊപ്പം 5 വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ശിശു ദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്‍റെ 11-ാം വാര്‍ഷികവുമായ ദിവസത്തെ ഈ വിധി ഏറെ നിർണായകമായി വിലയിരുത്തപ്പെടുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രതിക്കു വധശിക്ഷ തന്നെ ലഭിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെയും കേരള സമൂഹത്തിന്‍റെയും ഒന്നടങ്കമുള്ള ആവശ്യം. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്‌സോ കോടതി വിധി പ്രഖ്യാപനം ശിശു ദിനമായ ഇന്നത്തേക്ക് മാറ്റിയിരുന്നു. കേസില്‍ പ്രതിക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

ഇയാൾക്കെതിരേ ചുമത്തിയ 13 വകുപ്പുകളും തെളിഞ്ഞു. വധശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ളയായിരുന്നു ഇവ. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിനു ശേഷം 5 വയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു.

കൊലപാതകം, തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കൽ, 12 വയസിനു താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ, ലഹരി മരുന്നു നൽകി പീഡിപ്പിക്കൽ, മൃതദേഹത്തോടുള്ള അനാദരവ്, പ്രകൃതി വിരുദ്ധ പീഡനം, തെളിവു നശിപ്പിക്കാൻ ശ്രമിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാള്‍ വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, പ്രതിക്ക് 28 വയസാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ 5 വയസിള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com