

ആലുവ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി 10 ദിവസത്തേക്ക് അടയ്ക്കുന്നു; ബുധനാഴ്ച മുതൽ കർശന ഗതാഗത നിയന്ത്രണം
കൊച്ചി: ആലുവ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി 10 ദിവസത്തേക്ക് അടയ്ക്കുന്നു. ബുധനാഴ്ച (ഒക്റ്റോബർ 28) മുതൽ നവംബർ 6 വരെയാണ് നിയന്ത്രണം. ഇതിന്‍റെ ഭാഗമായി ആലുവയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തൃശൂരിൽ നിന്ന് ആലുവ എറണാകുളം ഭാഗത്തേക്കുള്ള എല്ലാ വലിയ ഭാരമുള്ള വാഹനങ്ങളും (ഗ്യാസ് പെട്രോളിയം, ടാങ്കർ, കണ്ടെയ്നർ, ടോറസ്) അങ്കമാലിയിൽ നിന്ന് കാലടി പെരുമ്പാവൂർ വഴി തിരുഞ്ഞു പോവണം. എറണാകുളത്ത് നിന്ന് വരുന്ന ഭാരമുള്ള വാഹനങ്ങളും കളമശേരിയിൽ നിന്ന് തിരഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂർ വഴി പോവണം.
വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും (ഗ്യാസ് പെട്രോളിയം, ടാങ്കർ, കണ്ടെയ്നർ, ടോറസ്) കടുങ്ങല്ലൂർ ജങ്ഷനിൽ നിന്ന് തിരിഞ്ഞ് യുസി കോളെജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ വന്ന് ആലുവ ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്. ആലുവയിൽ നിന്ന് വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജങ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി യാത്ര തുടരേണ്ടതാണ്.
അങ്കമാലി പറവൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാർഗംമാത്രം സഞ്ചരിക്കേണ്ടതാണ്. മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഒരേസമയം ഗതാഗതം ക്രമീകരിച്ചിട്ടുള്ളതാണ്.
എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മുൻകൂട്ടിക്കണ്ട് യാത്രാ സമയം ക്രമീകരിക്കുക. ഈ സമയങ്ങളിൽ പൊതു ഗതാഗതം പരമാവധി ഉപയോഗിക്കണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.