ആലുവ - മൂന്നാർ റോഡ്: ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുന്നു

പെരുമ്പാവൂരിനെ ആലുവയുമായും കൊച്ചിയുമായും ബന്ധിപ്പിക്കുന്ന പാതയായും ഇതു മാറും
ആലുവ - മൂന്നാർ റോഡ്: ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുന്നു
Updated on

പെരുമ്പാവൂർ: ആലുവ - മൂന്നാർ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാരെ നിയമിച്ച് ജില്ല കലക്ടർ ഉത്തരവിറക്കി. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഓഫിസർ ആയി അങ്കമാലി കിഫ്ബി 2 വിഭാഗം സ്പെഷ്യൽ തഹസിൽദാർ എൽ.എയെയാണ് നിയമിച്ചത്.

എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ആലുവ വെസ്റ്റ്, കീഴ്മാട്, ആലുവ ഈസ്റ്റ്, വാഴക്കുളം, അറക്കപ്പൊടി, വെങ്ങോല, മാറമ്പിള്ളി, പെരുമ്പാവൂർ, രായമംഗലം, അശമന്നൂർ, ഇരമല്ലൂർ, കോതമംഗലം എന്നീ വില്ലേജുകളിൽ കൂടിയാണ് നാലുവരി പാതക്ക് അനുമതി ലഭ്യമായത്.

9811.58 സെ. സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ സർവേ നമ്പറുകൾ മുൻപ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് തഹസിൽദാരെ നിയമിച്ചത്. ഇതോടെ സ്ഥലമേറ്റടുക്കൽ നടപടികൾക്ക് കൂടുതൽ വേഗത കൈവരുമെന്ന് എംഎൽഎ അറിയിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്.

സംസ്ഥാന പാതയായ ആലുവ – മൂന്നാർ റോഡ് ആലുവ നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച് കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിലൂടെ കോതമംഗലം നിയോജക മണ്ഡലത്തിലാണ് അവസാനിക്കുന്നത്.

നൂറ് കണക്കിന് വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്നതും മൂന്നാർ, തേക്കടി അടക്കമുള്ള ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായി ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ആശ്രയിക്കുന്ന റോഡാണിത്. ആലുവ മുതൽ കോതമംഗലം വരെ 35.26 കിലോമീറ്റർ ദൂരത്തിലാണ് നാലു വരി പാതയായി റോഡ് വീതി കൂട്ടിയാണ് നവീകരിക്കുന്നത്. 12 മീറ്റർ വീതിയിലാണ് നിലവിലെ റോഡ്. നാല് വരി പാതയാകണമെങ്കിൽ 11 മീറ്റർ കൂടി ഏറ്റെടുത്തു 23 മീറ്റർ ആക്കേണ്ടി വരും.

പെരുമ്പാവൂർ ബൈപാസുമായി ബന്ധിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുക. നിർമാണം നടത്താനൊരുങ്ങുന്ന പാത ആലുവയിൽ നിന്ന് പെരുമ്പാവൂരിലേക്ക് എത്തിച്ചേരുകയും തുടർന്ന് ആലുവ മൂന്നാർ റോഡിലേക്ക് ബന്ധിപ്പിക്കാനും സാധിക്കും. പെരുമ്പാവൂരിനെ ആലുവയുമായും കൊച്ചിയുമായും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാത കൂടിയാകും ഇത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com