
കൊച്ചി: ആലുവയിൽ 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി പ്രഖ്യാപനം.
ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവർത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാൾക്ക് വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രായം കണക്കിലെടുത്ത് വധശിക്ഷ നല്‍കരുത്. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി ആവശ്യപ്പെട്ടു. കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ് ശിക്ഷ വിധിക്കുക.