

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂരയിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി. ഒന്നര മണിക്കൂറിന് ശേഷമാണ് ആർപിഎഫ് ഉദ്യോഗസ്ഥർ നയപരമായി ഇയാളെ താഴെ എത്തിച്ചത്. യുവാവിനെ താഴെയിറക്കിയതിന് പിന്നാലെ ആലുവ വഴി തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ബംഗാൾ സ്വദേശിയായ യുവാവ് റെയിൽവേ സ്റ്റേഷനിന്‍റെ പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂരയിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. റെയിൽവേയുടെ വൈദ്യുത ലൈനിലേക്ക് ചാടുമെന്നായിരുന്നു യുവാവിന്‍റെ ഭീഷണി.
ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളുടെ അടുത്ത് പോകാൻ ശ്രമിച്ചെങ്കിലും അടുത്ത് എത്തിയാൽ ചാടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അപകടം ഒഴിവാക്കാൻ ലൈനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതിന് ശേഷം യുവാവിന്‍റെ വീട്ടുകാരെ വീഡിയോ കോളിൽ വിളിച്ചു വരുത്തി. യുവാവിന്‍റെ ശ്രദ്ധ മാറിയ നിമിഷം ആർപിഎഫ് ഉദ്യോഗസ്ഥർ മുകളിൽ കയറി ഇയാളെ താഴെയിറക്കുകയായിരുന്നു. ഇതേതുടർന്ന് എറണാകുളം-തൃശൂർ, തൃശൂർ-എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.