
ആമയൂർ കൂട്ടക്കൊലക്കേസ്; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജി കുമാറിന്‍റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി നടപടി. പ്രതിക്ക് മാനസാന്തരമുണ്ടായെന്ന വിലയിരുത്തലിലാണ് സുപ്രീം കോടതി വധശിക്ഷ റദ്ദ് ചെയ്തിരിക്കുന്നത്.
2008 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യ ലിസി, മക്കളായ അമല്യ, അമൽ, അമലു, അമന്യ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുൻപ് മൂത്ത മകളെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു.
2009ൽ പ്രതി റെജി കുമാറിന് പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 2014ൽ ഹൈക്കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. 2023ൽ സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തു. തുടർന്ന് റെജി കുമാറിന്‍റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം വധശിക്ഷ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.