
കോട്ടയം: കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക്. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.
ലോക്സഭാഗം എന്ന നിലയിൽ 7 തവണകളിലായി കഴിഞ്ഞ 28 വർഷക്കാലത്തെ സേവനവും കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള സേവനങ്ങളേയും, സംസ്ഥാനത്തിനകത്തും പുറത്തും സംവരണ സമുദായങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് കൊടിക്കുന്നിൽ സുരേഷ് എം.പി തെരഞ്ഞെടുക്കപ്പെട്ടത്. ദളിത് - ജനാധിപത്യ ചിന്തകരും, എഴുത്തുകാരും അക്കാദമിസ്റ്റുകളുമായ അഞ്ചംഗ അവാർഡ് നിർണയ സമിതിയാണ് അദ്ദേഹത്തിൻറെ പേര് നിർദേശിച്ചത്. ഡോ. എ.കെ വാസു അധ്യക്ഷനും, ഡോ. എം.ബി മനോജ് (കാലിക്കറ്റ് സർവകലാശാല), ഡോ. ഒ.കെ സന്തോഷ് (മദ്രാസ് സർവകലാശാല) ഡോ. ജോബിൻ ചാമക്കാല (ദേവമാതാ കോളെജ്, കുറവിലങ്ങാട്), ഡോ. ബെറ്റിമോൾ മാത്യു (എൻ.എസ്.എസ് കോളെജ്, നിലമേൽ) എന്നിവരടങ്ങിയ പാനലാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പേര് അവാർഡിനായി നിർദേശിച്ചത്.