
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം
Amebic encephalitis: Siblings of deceased 9-year-old girl tested negative
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ 9 വയസുകാരി അനയയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണ്. എന്നിരുന്നാലും കുട്ടിയുടെ പനി ഭേദമാകുന്നത് വരെ മെഡിക്കൽ കോളെജിൽ നിരീക്ഷണത്തിൽ തുടരാനാണ് സൂപ്രണ്ടിന്‍റെ നിർദേശം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരി ആനപ്പാറപ്പൊയിൽ സ്വദേശിയായ 9 വയസുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ചയാണ് മരിച്ച കുട്ടിയുടെ സഹോദരങ്ങളെ വൈറൽപ്പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച കുട്ടിയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ ഒരു കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പുള്ളത്.
അതേസമയം, സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചത്. കുട്ടി നിവലിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.
കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് രാത്രിയോടെ തന്നെ നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ഉടൻ നടത്തുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു.