
അമീബിക് മസ്തിഷ്ക ജ്വരം; ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗ നിർദേശം വേണം, മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്
കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിൽ മാർഗ നിർദേശം വേണമെന്ന ആവശ‍്യവുമായി യൂത്ത് കോൺഗ്രസ്. ഇക്കാര‍്യം ആവശ‍്യപ്പെട്ട് മനുഷ‍്യാവകാശ കമ്മിഷന് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡന്‍റ് സൽമാനാണ് മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നതിനാൽ ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കണമെന്നാണ് ആവശ‍്യം. ഇത് സർക്കാരിന്‍റെ കൂടി ബാധ‍്യതയാണെന്നും പരാതിക്കാരൻ ഉന്നയിക്കുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ഇക്കാര‍്യം ചൂണ്ടിക്കാണിച്ച് പരാതി നൽകിയിട്ടുണ്ട്.