
സച്ചിൻ വള്ളിക്കാട്
തൃശൂർ: ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ പൊതുയോഗത്തിൽ സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, തൃശൂർ പാർലമെന്റ് മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും പങ്കെടുത്തു. കൃത്യമായ നിർദേശം അദ്ദേഹം നൽകിയതായാണു സൂചന.
രാജ്യസഭാ മുൻ എംപിയും നടനുമായ സുരേഷ് ഗോപിയെ തന്നെ തൃശൂരിൽ സ്ഥാനാർഥിയാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഒരു മണിക്കൂറോളം നീണ്ട യോഗത്തിൽ കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്ന് അമിത് ഷാ നിർദേശിച്ചു. അതീവ രഹസ്യമായായാണു ഭാരവാഹികളുമായുള്ള ചർച്ചകൾ നടന്നത്.
വേദിയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഭാരവാഹികളായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ തുടങ്ങിയവർക്കു പുറമെ മെട്രൊ മാൻ ഇ. ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, നടൻ ദേവൻ, സി.കെ. ജാനു, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. സുരേഷ് ഗോപി വേദിയിലേക്ക് എത്തിയത് അമിത് ഷാ വന്നതിനു ശേഷമായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗിച്ച് ഏറ്റവുമധികം കൈയടി നേടിയതും സുരേഷ് ഗോപിയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളും കേരളത്തിനു നൽകിയ സാമ്പത്തിക പാക്കെജുകളും അമിത് ഷാ എണ്ണിയെണ്ണിപ്പറഞ്ഞു. അതിനു പുറമെ, സ്വർണക്കടത്തു കേസും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതും ബ്രഹ്മപുരത്തെ മാലിന്യം കത്തലും പോപ്പുലർ ഫ്രണ്ട് നിരോധനവും അടക്കമുള്ള വിഷയങ്ങളും പരാമർശിച്ചു.
9 വർഷം കൊണ്ട് രാജ്യത്തെ സുരക്ഷിതമാക്കിയത് മോദിയാണ്. സാമ്പത്തികാവസ്ഥയിൽ ലോകത്ത് 11ാംസ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. കമ്മ്യുണിസ്റ്റും കോൺഗ്രസും ത്രിപുരയിൽ ഒരുമിച്ചു. ഇവർ കേരളത്തിൽ തമ്മിൽ തല്ലുന്നു. ത്രിപുരയിൽ ജനങ്ങൾ പിന്തുണച്ചത് ബിജെപിയെ- അമിത് ഷാ പറഞ്ഞു.
നികുതിയുടെ ഇനത്തിൽ കേരളത്തിനു ലഭിച്ചത് 45,900 കോടിയാണ്. മോദി സർക്കാർ കേരളത്തിന് നൽകിയത് 1,10,000 കോടിയാണ്. കാസർഗോഡ് 50 മെഗാവാട്ട് സൗരോർജ പദ്ധതി ആരംഭിച്ചു. കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന് 1,950 കോടി അനുവദിച്ചു. എറണാകുളം ടൗൺ, എറണാകുളം ജംക്ഷൻ, കൊല്ലം റെയ്ൽവേ സ്റ്റേഷനുകൾ വിമാനത്താവളം മോഡലാക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം - മംഗലാപുരം റെയ്ൽവേ ലൈൻ നവീകരണം ആരംഭിച്ചു. കൊച്ചി ഭാരത് പെട്രോളിയം കോംപ്ലക്സിന് 6,000 കോടി ചെലാവാക്കി. 20 ലക്ഷം കർഷകർക്കായി 6,000 രൂപ ബാങ്ക് അക്കൗണ്ടിലേക്കിട്ടു. 17 ലക്ഷം കുടുംബങ്ങൾക്കായി 5 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിക്കായി 8,500 കോടിയാണ് കേരളത്തിന് നൽകിയത്- അദ്ദേഹം കൂട്ടിച്ചേർത്തു.