
കൊച്ചി: ആതുരസേവന രംഗത്ത് ലോകത്തിനു തന്നെ മാതൃകയാകാൻ അമൃത ആശുപത്രിക്കു സാധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
20 ലക്ഷത്തിലധികം രോഗികൾക്ക് സൗജന്യ ചികിത്സയിലൂടെ പുതുജീവൻ നൽകാൻ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിനു കഴിഞ്ഞു. ലോകത്തിനു മാതൃകയാകുന്ന തരത്തിൽ വൈദ്യരംഗത്ത് നിരവധി സംഭാവനകൾ നൽകാൻ അമൃതയ്ക്കു കഴിയുന്നു. 4 കോടിയിലേറെ ആളുകൾക്ക് ജീവിക്കാനുള്ള പ്രചോദനമാണ് മാതാ അമൃതാനന്ദമയി തന്റെ സ്നേഹത്തിലൂടെ നൽകിയത്. ഈ സ്നേഹത്തിന്റെ പരിധി ഭാരതത്തിൽ മാത്രമൊതുങ്ങുന്നതല്ല- അമിത് ഷാ പറഞ്ഞു.
125 കിടക്കകളുമായി ആരംഭിച്ച ആശുപത്രി ഇന്ന് 1,350 കിടക്കകളുടെ സൗകര്യമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി. വൈദ്യശാസ്ത്ര രംഗത്തെ മികവിലും ഗവേഷണത്തിലും റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ മൈക്രോ ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ, ഏറ്റവും കൃത്യതയുള്ള റോബോട്ടിക് സഹായത്തോടെയുള്ള കരൾ മാറ്റിവയ്ക്കൽ എന്നിവ നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി, ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റിങ് ലാബ് സ്ഥാപിച്ച ആശുപത്രി എന്നീ നേട്ടങ്ങൾ അമൃതയുടെ മികവിന്റെ ഉദാഹരണമാണ്.
വൈദ്യശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഭാരതത്തിലെമ്പാടുമായി 22 പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ക്യാംപസുകൾ ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകും- അമിത് ഷാ കൂട്ടിച്ചേർത്തു. കൊല്ലം അമൃതപുരിയിലും കൊച്ചിയിലും ആരംഭിക്കുന്ന അമൃത റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.
ആരോഗ്യം മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണെന്നും, ക്ഷമയോടും സ്നേഹത്തോടുമുള്ള പരിചരണം ഏറ്റവും അധികം അർഹിക്കുന്നവർ രോഗികളാണെന്നും ചടങ്ങിനു നൽകിയ വീഡിയോ സന്ദേശത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
അമ്മയുടെ അതിരുകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് അമൃത ആശുപത്രിയെന്ന് സ്വാഗതം ആശംസിച്ച മാതാ അമൃതാനന്ദമയീമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ സാധാരണക്കാരന് പോലും പ്രാപ്യമായ തരത്തിൽ ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ അമൃത ആശുപത്രിക്ക് സാധിച്ചിട്ടുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി.
"ഹൃദ്യം' പോലെയുള്ള സർക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികളിൽ അമൃതയുടെ പങ്കാളിത്തവും സഹകരണവും മാറ്റി നിർത്താനാവില്ലെന്ന് രജതജൂബിലി സുവനീറിന്റെ പ്രകാശനം നിർവഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ നിന്ന് സർക്കാരിന് ഏറ്റവും കൂടുതൽ പിന്തുണയും സഹകരണവും ലഭിക്കുന്നത് അമൃതയിൽ നിന്നാണെന്നും, ആർദ്രതയും കരുണയുമാണ് അമൃതയുടെ സവിശേഷതയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ്, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്റ്റർ ഡോ. പ്രേം നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.