

അമിത് ഷാ തിരുവനന്തപുരത്ത്; എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. ശനിയാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു.
രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ പൂജ നടത്തും. തുടർന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ബിജെപി കേരള കോർ ഗ്രൂപ്പ് യോഗത്തിൽ പ്രസംഗിക്കും, വൈകുന്നേരം തിരുവനന്തപുരത്ത് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി അമിത് ഷാ തുടക്കമിടുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുടർന്ന് രാത്രി 8 മണിയോടെ അമിത്ഷാ ഡൽഹിയിലേക്ക് മടങ്ങും.